സ്വിറ്റ്സർലൻഡിൽ പാറ്റേണിറ്റി ലീവ് രണ്ടാഴ്ച
Wednesday, October 9, 2019 10:04 PM IST
ബേണ്‍: കുട്ടികൾ ജനിക്കുന്പോൾ പിതാവിന് രണ്ടാഴ്ച അവധി ലഭിക്കുന്ന വിധത്തിൽ സ്വിറ്റ്സർലൻഡ് നിയമ ഭേദഗതി കൊണ്ടുവരും. നാലാഴ്ച അവധി ആവശ്യപ്പെട്ട് പ്രചാരണ പ്രവർത്തനങ്ങൾ നടത്തിവന്നവരുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതെത്തുടർന്ന്, ഹിത പരിശോധനയ്ക്കുള്ള ശ്രമം കാന്പയിനർമാർ ഉപേക്ഷിച്ചു.

ആവശ്യത്തെ പൂർണമായി എതിർക്കുന്ന സമീപനമാണ് സർക്കാർ നേരത്തെ സ്വീകരിച്ചിരുന്നത്. ഇപ്പോൾ രണ്ടാഴ്ച അവധി അനുവദിക്കാൻ ധാരണയായ സാഹചര്യത്തിൽ, ഇനി ജർമനിയിലേതു പോലുള്ള പേരന്‍റൽ ലീവ് സ്കീമിനു വേണ്ടിയാകും ശ്രമം എന്നും കാന്പയിനർമാർ അറിയിച്ചു.

നിലവിലുള്ള നിയമ പ്രകാരം ഒരു കുട്ടി ജനിക്കുന്നതുമായി ബന്ധപ്പെട്ട് പിതാവിന് ഒരു ദിവസം പോലും അവധിക്ക് അവകാശമില്ല. അമ്മമാർക്ക് 14 ആഴ്ച അവധി കിട്ടും. അതിൽ ആദ്യത്തെ എട്ടാഴ്ച നിർബന്ധിത അവധിയുമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ