വികസന പ്രവർത്തനങ്ങളിൽ ഡൽഹി മലയാളികളുടെ പങ്ക് നിർണായകം: കേജരിവാൾ
Thursday, September 12, 2019 4:50 PM IST
ന്യൂ ഡൽഹി: ഡൽഹിയുടെ വികസന പ്രവർത്തനങ്ങളിൽ ഡൽഹി മലയാളികളുടെ പങ്ക് നിർണായകമാണന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ഉത്രാടപ്പൂനിലാവ് എന്ന ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിനൊട്ടാകെ മാതൃകയായ കേരളത്തിന്‍റെ വിദ്യാഭ്യാസ മാതൃക ആസ്പദമാക്കിയാണ് ഡൽഹിയിൽ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയത്. സ്വന്തം വീടും നാടും നഗരവും വിട്ടു ഡൽഹിയിലെത്തിയ ബുദ്ധിശാലികളായ മലയാളികൾ ഡൽഹിയുടെ വികസന പ്രവർത്തനങ്ങളിൽ നൽകിയ സംഭാവനകൾ മറക്കാനാവില്ല.അവർ സർക്കാർ ജോലി, മാധ്യമ രംഗം തുടങ്ങി ഒട്ടേറെ മേഖലകളിൽ മുന്നിലാണ്. ധാരാളം മലയാളികളുള്ള ഡൽഹിയിൽ മലയാള ഭാഷയും കേരളം സംസ്കാരവും പ്രചരിപ്പിക്കാനായി മലയാളം അക്കാദമി തുടങ്ങുന്ന കാര്യം ഡൽഹി സർക്കാരിന്‍റെ പരിഗണനയിലുണ്ടന്നും ഓണാശംസകൾ നേർന്നു നടത്തിയ പ്രസംഗത്തിൽ കേജരിവാൾ പറഞ്ഞു.

ഡിഎംഎ. വൈസ് പ്രസിഡന്‍റ് സി. കേശവൻകുട്ടി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കേരളാ ഗവൺമെന്‍റ് സ്പെഷൽ ഓഫീസർ ഡോ. എ. സമ്പത്, മാനുവൽ മലബാർ ജ്വല്ലേഴ്‌സ് സിഎംഡി. മാനുവൽ മെഴുക്കനാൽ, ഡിഎംഎ. ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡിഷണൽ ജനറൽ സെക്രട്ടറി കെ.പി. ഹരീന്ദ്രൻ ആചാരി, ജോയിന്‍റ് ട്രഷറാറും ഓണം ജനറൽ കൺവീനറുമായ കെ.ജെ. ടോണി, ഇന്‍റേണൽ ഓഡിറ്റർ ആർ.ജി. കുറുപ്പ്, ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്ററും പൂക്കളം കൺവീനറുമായ പി.എൻ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

2018-19 വിദ്യാഭ്യാസ വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്ലസ് ടു വിദ്യാർഥികളായ ദ്വാരകാ ഏരിയയിലെ സനീഷാ എസ്‌.എസ്. (സയൻസ്), ശ്രീ ലക്ഷ്മി കൃഷ്ണാ (ഹ്യൂമാനിറ്റീസ്), ആർ.കെ. പുരം ഏരിയയിലെ സാന്ദ്രാ ഫ്രാൻസിസ് (കോമേഴ്‌സ്) എന്നിവർക്ക് ഡിഎംഎ. - സലിൽ ശിവദാസ്‌ മെമ്മോറിയൽ അക്കാദമിക് എക്സെലെൻസ് അവാർഡുകളും ഓണാഘോഷത്തോടനുബന്ധിച്ചു ഡിഎംഎ. സാംസ്കാരിക സമുച്ചയത്തിൽ നടന്ന പൂക്കള മത്സരത്തിൽ വിജയികളായ വസുന്ധര എൻക്ലേവ്, ആർ, കെ. പുരം, മയൂർ വിഹാർ ഫേസ്-2, ജനക്പുരി എന്നിവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

ഡിഎംഎ കേന്ദ്രകമ്മിറ്റി അവതരിപ്പിച്ച രംഗപൂജയായ വന്ദനത്തോടെ പരിപാടികൾ ആരംഭിച്ചു. വിനയ് നഗർ - കിദ്വായ് നഗറിന്‍റെ കൈകൊട്ടിക്കളി, കരോൾ ബാഗ് - കൊണാട്ട് പ്ലേസിന്‍റെ കൈരളി സമക്ഷം സംഹാര വൃഷ്ടിയിൽ നിന്നും സൃഷ്ടിയിലേക്ക്, വികാസ്പുരി-ഹസ്താലിന്‍റെ മലയാള നാട്, ദിൽഷാദ് കോളനിയുടെ നാടോടി നൃത്തം, ജനക്പുരിയുടെ കേളികൊട്ട്, മയൂർ വിഹാർ ഫേസ്-1 ന്‍റെ തിരുവാതിര, ആർ.കെ. പുരത്തിന്‍റെ ഒപ്പന, മയൂർ വിഹാർ ഫേസ്-2 ന്‍റെ വന്ദേമാതരം, വസുന്ധര എൻക്ലേവിന്റെ ഭാരതീയം, ലാജ്പത് നഗറിന്‍റെ കേരളീയം, അംബേദ്‌കർ - പുഷ്പ വിഹാറിന്‍റെ സ്ത്രീ ശാക്തീകരണം, ജസോല വിഹാറിന്‍റെ നയനം, രജൗരി ഗാർഡന്റെ ലാസ്യ താണ്ഡവം, മയൂർ വിഹാർ ഫേസ് 3-ന്‍റെ സസ്യശ്യാമള കേരളം എന്നിവയായിരുന്നു ഉത്രാടപ്പൂനിലാവിൽ അരങ്ങേറിയ കലാസൃഷ്ടികൾ.

റിപ്പോർട്ട്: പി.എൻ. ഷാജി