ടിക്കറ്റ് നൽകാനായി ബസ് കണ്ടക്ടർമാർ യാത്രക്കാരുടെ അടുത്തേയ്ക്ക് പോകണം; ഡൽഹി ഹൈക്കോടതി വിധി മലയാളിയുടെ ഹർജ്ജിയിൽ
Saturday, August 24, 2019 7:47 PM IST
ന്യൂ ഡൽഹി: ക്ലസ്റ്റർ ബസുകളിലെ കണ്ടക്ടർമാർ ഓരോ യാത്രക്കാരുടേയും അടുത്തേയ്ക്കു പോയി ടിക്കറ്റ് നൽകണമെന്ന് ഡൽഹി സർക്കാർ നിർബന്ധമാക്കി. ഡൽഹിയിൽ താമസിക്കുന്ന മലയാളിയായ സന്തോഷ് കുമാർ പ്രവാസികൾക്ക് സൗജന്യ നിയമ സഹായം നൽകുന്ന പ്രവാസി ലീഗൽ സെൽ എന്ന സന്നദ്ധ സംഘടന മുഖേനെ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിക്കുള്ള മറുപടിയിലാണ് ഡൽഹി സർക്കാർ ഇത് വ്യക്തമാക്കിയത്.

ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനിലെയും ക്ലസ്റ്റർ ബസുകളിലെയും കണ്ടക്ടർമാർ അവരുടെ സീറ്റുകളിൽ ഇരുന്നുകൊണ്ടാണ് സാധാരണയായി യാത്രക്കാർക്ക് ടിക്കറ്റുകൾ വിതരണം ചെയുന്നത്. ഇക്കാരണത്താൽ യാത്രക്കാർ ബസിനുള്ളിലെ തിരക്കിലൂടെ കണ്ടക്ടറുടെ സീറ്റിലേക്ക് പോകുകയും ടിക്കറ്റ് വാങ്ങിയ ശേഷം സീറ്റുകളിലേക്ക് മടങ്ങി വരികയും വേണം.

കുഞ്ഞുങ്ങളുള്ള സ്ത്രീകൾ, ശാരീരിക വൈകല്യമുള്ളവർ, മുതിർന്ന പൗരന്മാർ എന്നിവരുൾപ്പെടെയുള്ള യാത്രക്കാർക്കാണ് ഇത് കൂടുതലായും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.

ഇതുകൂടാതെ യഥാർഥ സാഹചര്യങ്ങൾ പരിശോധിക്കാതെ ടിക്കറ്റ് ഇല്ല എന്ന കാരണത്താൽ യാത്രക്കാർക്ക് ചെക്കർമാർ പിഴ ചുമത്തുന്നതും വിരളമല്ല. ഇത് കൂടുതലും സംഭവിക്കുന്നത് ബസുകളിൽ പതിവ് പോലെ ടിക്കറ്റ് നൽകുന്നതിന് വേണ്ടി കണ്ടക്ടർമാർ തങ്ങളുടെ അടുത്തേക്ക് വരുമെന്ന് പ്രതീക്ഷിച്ചു ഇരിക്കുന്ന അന്യസംസ്ഥാനത്തിൽ നിന്നു വന്ന് ഡൽഹിയിൽ യാത്ര ചെയ്യുന്നവർക്കാണ്.

ഇതുമായി ബന്ധപ്പെട്ട് സന്തോഷ് നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ലീഗൽ സെൽ മുഖേനെ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകുവാൻ നിർബന്ധിതനായത്.

ക്ലസ്റ്റർ ബസുകളുമായുള്ള കരാറിൽ കണ്ടക്ടർമാർ ടിക്കറ്റ് നൽകുന്നതിനും നിരക്ക് വാങ്ങുന്നതിനും യാത്രക്കാരുടെ അടുത്തേയ്ക്ക് നിർബദ്ധമായും ചെല്ലണമെന്ന് നിബന്ധനയുണ്ടെന്ന് പൊതുതാൽപര്യ ഹർജിക്ക് മറുപടിയായി ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഡിടിസി ബസുകളിൽ ഇത് ആവശ്യമില്ല.

ഇതിനോടനുബന്ധിച്ചാണ് ക്ലസ്റ്റർ ബസുകളിലെ കണ്ടക്ടർമാർ യാത്രക്കാരുടെ അടുത്തു ചെന്ന് ടിക്കറ്റ് നൽകണമെന്നും ഡൽഹി സർക്കാർ നിർബദ്ധമാക്കിയത്. തീരുമാനം ഡൽഹിയിൽ താമസിക്കുന്ന എല്ലാ ജനവിഭാഗത്തിനും ആശ്വാസകരമാകുമെന്ന് സന്തോഷ് കുമാർ അറിയിച്ചു.

ഡൽഹി സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രവാസി ലീഗൽ സെൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം ട്വിറ്ററിൽ കുറിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്