യൂറോപ്യൻ നഴ്സുമാർക്ക് പകരം എൻഎച്ച്എസിൽ ജോലി കിട്ടിയത് നാലായിരം ഏഷ്യക്കാർക്ക്
Saturday, August 17, 2019 8:52 PM IST
ലണ്ടൻ: ബ്രെക്സിറ്റ് ഹിത പരിശോധനയ്ക്കു ശേഷം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് നഴ്സുമാർ എൻഎച്ച്എസ് ആശുപത്രികളിൽ നിന്ന് ജോലി രാജിവച്ചു പോയപ്പോൾ പകരം അവസരം കിട്ടിയതിലേറെയും ഏഷ്യക്കാർക്ക്. ഇത്തരത്തിൽ നാലായിരത്തിലധികം നഴ്സുമാർക്ക് എൻഎച്ച്എസിൽ ജോലി കിട്ടിയിട്ടുള്ളതായാണ് കണക്കുകളിൽ വ്യക്തമാകുന്നത്.

2016ൽ നടത്തിയ ഹിതപരിശോധനയ്ക്കു ശേഷം യൂറോപ്യൻ യൂണിയൻ നഴ്സുമാരുടെ എണ്ണത്തിൽ മൂവായിരത്തിന്‍റെ കുറവാണ് വന്നത്. പകരം റിക്രൂട്ട് ചെയ്യപ്പെട്ടവരിൽ ഏറെയും ഫിലിപ്പീൻസിൽ നിന്നാണ്. നിലവിലുള്ള അവസ്ഥയിൽ ആകെ എൻഎച്ച്എസ് ജീവനക്കാരിൽ ആറു ശതമാനം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. പത്തിലൊന്ന് ഡോക്ടർമാരും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്ന്.

രാജ്യത്താകെ 1.9 മില്യൺ ആളുകളാണ് ഹെൽത്ത്കെയർ മേഖലയിൽ ജോലി ചെയ്യുന്നത്. ഇതിൽ 88 ശതമാനവും ബ്രിട്ടീഷുകാർ തന്നെയാണ്. ബാക്കി 12 ശതമാനത്തിൽ പകുതി യൂറോപ്യൻ യൂണിയനിൽനിന്നുള്ളവരും പകുതി പുറത്തുനിന്നുള്ളവരും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ