എച്ച്‌വൺ എൻവൺ ഭീതിയിൽ സംസ്ഥാനം; ഏഴുമാസത്തിനിടെ മരിച്ചത് 88 പേർ
Tuesday, July 30, 2019 9:58 PM IST
ബംഗളൂരു: കർണാടക വീണ്ടും എച്ച്‌വൺ എൻവൺ ഭീതിയിൽ. ആരോഗ്യവകുപ്പിന്‍റെ പുതിയ കണക്ക് അനുസരിച്ച് കഴിഞ്ഞ ഏഴുമാസത്തിനിടെ സംസ്ഥാനത്ത് 88 പേരാണ് രോഗംബാധിച്ച് മരിച്ചത്. കഴിഞ്ഞ വർഷം ആകെ 87 പേർ മരിച്ച സ്ഥാനത്താണിത്. ഈവർഷം സംസ്ഥാനത്ത് 1792 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. കഴിഞ്ഞ വർഷം ഇത് 1,733 ആയിരുന്നു. ഏറ്റവും കൂടുതൽ രോഗബാധ കണ്ടെത്തിയത് ഉഡുപ്പി ജില്ലയിലാണ്. 352 പേർ‌. ഇവരിൽ ഒമ്പതുപേർ മരണത്തിനു കീഴടങ്ങി. ശിവമോഗ ജില്ലയിൽ 158 പേർക്ക് രോഗം സ്ഥിരീകരിച്ചു, 13 പേർ‌ മരിക്കുകയും ചെയ്തു.

രോഗബാധിതരുടെ എണ്ണം ഉയരുന്നതിന്‍റെ പശ്ചാത്തലത്തിൽ രോഗപ്രതിരോധ നടപടികൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. രോഗബാധ സംബന്ധിച്ച് സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളോട് വകുപ്പ് റിപ്പോർട്ട് തേടി. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പ്രതിരോധമരുന്നുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

ബംഗളൂരു കോർപറേഷനിൽ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ നടത്താനാണ് ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്. നേരത്തെ, ശിവമോഗയിൽ എച്ച്‌വൺ എൻവൺ പടർന്നുപിടിച്ചപ്പോൾ ആരോഗ്യവകുപ്പിന്‍റെ പ്രതിരോധപ്രവർത്തനങ്ങൾ ഫലംകണ്ടിരുന്നു.

പേടി വേണ്ട, ജാഗ്രത വേണം

ബംഗളൂരു: എ​ച്ച്‌വ​ണ്‍ എ​ൻവ​ണ്‍ പ​നി​ബാ​ധ കൂടിയ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത​പാ​ലി​ക്കേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു. ഇ​ൻ​ഫ്ലു​വ​ൻ​സ വൈ​റ​സ് കാ​ര​ണം ഉ​ണ്ടാ​കു​ന്ന ഒ​രു രോ​ഗ​മാ​ണ് എ​ച്ച്‌വ​ണ്‍ എ​ൻവ​ണ്‍ പ​നി. വാ​യു വ​ഴി​യാ​ണ് ഈ ​വൈ​റ​സ് പ​ക​രു​ന്ന​ത്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കു ചീറ്റുമ്പോഴും തുപ്പുമ്പോഴും രോഗാണു അന്തരീക്ഷത്തിൽ വ്യാപിക്കുന്നു.

ലക്ഷണങ്ങൾ

* പ​നി, ജ​ല​ദോ​ഷം, ചു​മ, ശ​രീ​ര​വേ​ദ​ന, തൊ​ണ്ട​വേ​ദ​ന, വി​റ​യ​ൽ, ക്ഷീ​ണം, ശ്വാ​സംമു​ട്ട​ൽ എ​ന്നി​വ​യാ​ണ് എ​ച്ച്‌വ​ണ്‍ എ​ൻവ​ണ്‍ പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ. ചിലരിൽ ഛർദിയും വയറിളക്കവും ഉണ്ടാകാം.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

* ജ​ല​ദോ​ഷ​പ്പ​നി​യോ​ട് സാ​മ്യ​മു​ള്ള എ​ച്ച്‌വ​ണ്‍ എ​ൻവ​ണ്‍ പ​നി​യോ മ​റ്റ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ സ്വ​യം ചി​കി​ത്സി​ക്കാ​തെ കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ ഡോ​ക്ട​റു​ടെ സേ​വ​നം തേ​ടു​ക​യും ശ​രി​യാ​യ ചി​കി​ത്സ ഉ​റ​പ്പു വ​രു​ത്തു​ക​യും വേ​ണം.

* രോ​ഗ​ശ​മ​ന​ത്തി​ന് ഇ​ളം​ചൂ​ടു​ള​ള​തും പോ​ഷ​ക​ഗു​ണ​മു​ള്ള​തു​മാ​യ പാ​നീ​യ​ങ്ങ​ൾ (ഉ​ദാ-​ക​ഞ്ഞി​വെ​ള​ളം) ധാ​രാ​ള​മാ​യി കു​ടി​ക്കു​ക, പോ​ഷ​കാ​ഹാ​രം ക​ഴി​ക്കു​ക, പൂ​ർ​ണവി​ശ്ര​മം എ​ടു​ക്കു​ക.

* രോ​ഗല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ വീ​ടി​നു​ള്ളി​ൽ ക​ഴി​യു​ക. സ്കൂ​ൾ, ഓ​ഫീ​സ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കു​ക.

* വാ​യു​വി​ൽ കൂ​ടി പ​ക​രു​ന്ന രോ​ഗ​മാ​യ​തി​നാ​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ആ​വ​ശ്യ​മാ​ണ്. തു​മ്മുമ്പോഴും ചു​മയ്​ക്കു​മ്പോഴും വാ​യ, മൂ​ക്ക് എ​ന്നി​വ തൂ​വാ​ല ഉ​പ​യോ​ഗി​ച്ച് മ​റയ്ക്കേതാ​ണ്.

* സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കൂടെക്കൂടെ കഴുകുക, യാത്രയ്ക്കു ശേഷം ഉടൻ കുളിക്കുക

* പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ്ദം, ശ്വാസകോശരോഗങ്ങൾ, കാൻസർ തു​ട​ങ്ങി​യ ആ​രോ​ഗ്യപ്ര​ശ്നം ഉ​ള്ള​വ​രും ഗ​ർ​ഭി​ണി​ക​ളും പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​രും പ്രായമുള്ളവരും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കണം.