സൗത്താംപ്ടൺ ആൻഡ് പോർടസ്മോത് സമീക്ഷ ബ്രാഞ്ച് രൂപീകരിച്ചു
Friday, July 19, 2019 8:59 PM IST
സൗത്താംപ്ടൺ: പുരോഗമന സാംസ്‌കാരിക ആശയങ്ങൾക്ക് നേതൃത്വം കൊടുക്കുവാനും സമകാലീന സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്നതിനുമായി സൗത്താംപ്ടനും പോര്ടസ്മോത്തും സംയുക്തമായി സമീക്ഷയുടെ പുതിയ ബ്രാഞ്ച് രൂപീകരിച്ചു.

ജൂലൈ 16 ന് സമീക്ഷ കേന്ദ്ര കമ്മിറ്റി അംഗവും സമീക്ഷ ഹീത്രു ബ്രാഞ്ച് സെക്രട്ടറിയുമായ ബിനോജ് ജോൺ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സമീക്ഷ യുകെ ദേശീയ സെക്രട്ടറി സ്വപ്ന പ്രവീണും ജോയിന്‍റ് സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും ഓൺലൈനിൽ പങ്കെടുത്തു.

സമീക്ഷ ദേശീയ സമ്മേളനത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കേന്ദ്ര കമ്മിറ്റി അംഗവും സമീക്ഷ ഹീത്രു ബ്രാഞ്ച് പ്രസിഡന്‍റുമായ മോൻസി അവതരിപ്പിച്ചു. യോഗത്തിൽ സമീക്ഷ പൂൾ ബ്രാഞ്ച് പ്രസിഡന്‍റ് പോളി മാഞ്ഞൂരാൻ പൂളിൽ നടന്ന ദേശീയ സമ്മേളനത്തെ കുറിച്ചും ബ്രാഞ്ചിന്‍റെ പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു.

സമീക്ഷയുടെ ദേശീയ സമ്മേളനം, ഭാവിപരിപാടികൾ, പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ നടത്തിപ്പിനായി ബ്രാഞ്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി മിഥുൻ (പ്രസിഡന്‍റ്), സാബു (വൈസ് പ്രസിഡന്‍റ്), രഞ്ജീഷ് (സെക്രട്ടറി), റൈനോൾഡ് (ജോയിന്‍റ് സെക്രട്ടറി), ജോസഫ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

സമീക്ഷ ദേശീയ സമിതിക്കു വേണ്ടി സംഘടനാറിപ്പോർട്ട് അവതരിപ്പിച്ച സ്വപ്ന പ്രവീൺ കലാസാംസ്കാരിക സംഘടനകൾ നേരിടുന്ന വെല്ലുവിളികളെയും ആനുകാലിക പ്രശ്നങ്ങൾ സംഘടനപരമായി തന്നെ ഏറ്റെടുക്കുന്നതിന്‍റെ ആവശ്യകതയെ കുറിച്ചും വിശദീകരിച്ചു.

ബ്രിട്ടന്‍റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു കലാസാംസ്കാരിക സംഘടന നടത്തുന്ന ദ്വിദിന ദേശീയ സമ്മേളനം വൻവിജയമാക്കുന്നതിനും സെപ്റ്റംബർ 7 ന് നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തുന്ന കേരളനിയമസഭാ അംഗം അഡ്വ.എം.സ്വരാജിന്‍റെ പ്രസംഗം കേൾക്കാനും പ്രമുഖ സാംസ്‌കാരിക നായകൻ സുനിൽ പി. ഇളയിടം നയിക്കുന്ന സാംസ്‌കാരിക സെമിനാറിലേക്കും മുഴുവൻ പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നതായി സമീക്ഷ ദേശീയ ജോയിന്‍റ് സെക്രട്ടറിയും ദേശീയ സമ്മേളന സ്വാഗതസംഘം ഭാരവാഹിയുമായ ദിനേശ് വെള്ളാപ്പള്ളി അറിയിച്ചു. പ്രസാദ് ഒഴാക്കൽ സ്വാഗതവും നോബിൾ മാത്യു നന്ദിയും പറഞ്ഞു.


റിപ്പോർട്ട്: ജയൻ ഇടപ്പാൾ