ജിഎംഎഫ് പ്രവാസി സംഗമത്തിന് ജർമനിയിൽ ജൂലൈ 20 ന് തുടക്കമാവും
Thursday, July 18, 2019 10:11 PM IST
ബർലിൻ:ഗ്ലോബൽ മലയാളി ഫെഡറേഷന്‍റെ (ജിഎംഎഫ്) നേതൃത്വത്തിലുള്ള മുപ്പതാമത് പ്രവാസി സംഗമം ജൂലൈ 20 നു (ശനി) തിരിതെളിയും. ജർമനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിർഷൻ, ഡാലം ബിൽഡൂംഗ്സ് സെന്‍ററിൽ ജൂലൈ 20 മുതൽ 24 വരെയാണ് അഞ്ചുദിന പരിപാടികൾ നടക്കുന്നത്. സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

20 നു(ശനി) വൈകുന്നേരം 7 ന് ഗ്ലോബൽ മലയാളി ഫെഡറേഷൻ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്നുആശംസാപ്രസംഗങ്ങളും കലാസായാഹ്നവും ഉണ്ടായിരിക്കും.

രണ്ടാം ദിവസമായ 21ന് (ഞായർ) രാവിലെ നടക്കുന്ന സെമിനാറിന് ഡോ.തോമസ് ജോർജ് (ഇന്ത്യ) നേതൃത്വം നൽകും. മൂന്നാം ദിവസമായ 22 ന് (തിങ്കൾ) രാവിലെ വിവിധ സെമിനാറിന് ഫാ.സന്തോഷ് നേതൃത്വം നൽകും.

23 ന് (ചൊവ്വ) രാവിലെ നടക്കുന്ന സെമിനാറുകൾക്ക് ഡോ.ജോസ് വി.ഫിലിപ്പ് (ഇറ്റലി), സോഹൻ റോയ് (ദുബായ്) എന്നിവർ നേതൃത്വം നൽകും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ ഈ വർഷത്തെ അവാർഡുകൾ സമ്മാനിക്കും. തുടർന്നു വിവിധ കലാപരിപാടികൾ അരങ്ങേറും. 24 ന് (ബുധൻ) ഉച്ചകഴിഞ്ഞ് മൂന്നിന് അഞ്ചുദിന സംഗമത്തിന് തിരശീല വീഴും.

എല്ലാ ദിവസവും രാവിലെ യോഗയും വൈകുന്നേരത്തെ കലാസായാഹ്നത്തിൽ ആകർഷകമായ പരിപാടികളും യൂറോപ്പിലെ പ്രശസ്തഗായകൻ സിറിയക് ചെറുകാട് നയിക്കുന്ന ഗാനമേളയും സംഗമത്തിന് കൊഴുപ്പേകും. കലാപരിപാടികളിൽ 100 ഓളം കലാകാരന്മാരാണ് പങ്കെടുക്കുന്നത്.

ജർമനി ആസ്ഥാനമായുള്ള ഗ്ലോബൽ മലയാളി ഫെഡറേഷന്‍റെ
(ജിഎംഎഫ്) ഇക്കൊല്ലത്തെ അന്താരാഷ്ട്ര പ്രവാസി അവാർഡുകൾക്ക് മൂന്നു കാറ്റഗറിയിലാണ് അർഹരായവരെ തെരഞ്ഞെടുത്തത്. ഫിലിം ആൻഡ് കൾച്ചറൽ അവാർഡ് വിഭാഗത്തിൽ ഹോളിവുഡ് സംവിധായകനും ഏരീസ് ഗ്രൂപ്പ് സിഇഒയും ഇൻഡിവുഡ് സ്ഥാപക ഡയറക്ടറുമായ സോഹൻ റോയ്(ദുബായ്), ബെസ്റ്റ് സ്കോളർ എക്സലൻസ് ആന്‍റ് ഫിലാന്ത്രോപ്പിസ്റ്റ് അവാർഡിന് ഡോ. ജോസ് വി. ഫിലിപ്പ്(ഇറ്റലി), ഹ്യൂമൻ ഡെവലപ്മെന്‍റ് അവാർഡിന് ഡോ. കെ.തോമസ് ജോർജ് (ഇന്ത്യ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

സണ്ണി വേലൂക്കാരൻ, അപ്പച്ചൻ ചന്ദ്രത്തിൽ, ലില്ലി ചക്യാത്ത്, ജെമ്മ ഗോപുരത്തിങ്കൽ, മറിയാമ്മ വർഗീസ്, എൽസി സണ്ണി എന്നിവരാണ് സംഗമത്തിന് ചുക്കാൻ പിടിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ