കൊളോണിൽ ഇന്ത്യൻ ഫെസ്റ്റ് വർണശബളമായി
Tuesday, July 16, 2019 10:17 PM IST
കൊളോണ്‍: ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ ജനറൽ കോണ്‍സുലേറ്റിന്‍റെ നേതൃത്വത്തിൽ കൊളോണ്‍ നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഏകദിന ഇന്ത്യൻ ഫെസ്റ്റ് കലാ മാമാങ്കത്തിന്‍റെയും തനതായ ഇന്ത്യൻ രുചിക്കൂട്ടുകളുടെയും വൻ ജനപങ്കാളിത്തത്തിന്‍റെയും വേദിയായി.

ജർമനിയിലെ കത്തീഡ്രൽ നഗരമായ കൊളോണ്‍ നഗരത്തിന്‍റെ ഹൃദയഭാഗമായ നൊയേമാർക്ക്റ്റിലെ ഓപ്പണ്‍ എയർ ആയിരുന്നു വേദി.

ഉച്ചയ്ക്ക് 12 ന് ആരംഭിച്ച ഫെസ്റ്റിൽ മൂന്നു സെഷനുകളിലായി വൈവിദ്ധ്യമാർന്ന ഇന്ത്യൻ കലാപരിപാടികളാണ് അരങ്ങിലെത്തിയത്. മൂന്നിന് ഫെസ്റ്റിന്‍റെ ഒൗദ്യോഗിക ഉദ്ഘാടനം നടന്നു. ഫ്രാങ്ക്ഫർട്ട് ഇന്ത്യൻ കോണ്‍സുലർ പ്രതിഭ പാർക്കറിന്‍റെ സാന്നിദ്ധ്യത്തിൽ മുഖ്യാതിഥിയായിരുന്ന കൊളോണ്‍ ഡെപ്യൂട്ടി മേയർ എൽഫി ഷോ ആന്‍റ്വെർപെസാണ് ഫെസ്റ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. കൊളോണിൽ ജീവിക്കുന്ന ഇന്ത്യൻ സമൂഹത്തെയും അവരെ ഒരുമിപ്പിച്ചു നിർത്തുന്ന ഇന്ത്യൻ കോണ്‍സുലേറ്റിനെയും ഡെപ്യൂട്ടി മേയർ പ്രശംസിച്ചു. റൂത്ത് ഹീപ്പ്, ജയപാലൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

36 വർഷത്തെ പ്രവർത്തന പാരന്പര്യമുള്ള കൊളോണ്‍ കേരള സമാജം ഉൾപ്പടെ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ ഇരുപതോളം ഇന്ത്യൻ സംഘടനകളാണ് കലാപരിപാടികൾ അരങ്ങിലെത്തിച്ചത്.കൊളോണ്‍ കേരള സമാജം സ്പോണ്‍സർ ചെയ്ത ഫ്യൂഷൻ ഡാൻസിൽ കൊച്ചുകുട്ടികളായ ശ്രേയ പുത്തൻപുര, ജൂലിയ തളിയത്ത്, ലില്ലി നാർ, അഞ്ജലി ജോസഫ്, ഷാലിനി ജോസഫ്, ജോഹാന്ന കോച്ചേരിൽ, അന്ന എബ്രഹാം, മായ വെന്പാനിക്കൽ എന്നിവർ കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ജർമൻ ടിവി ചാനൽ മൽസരത്തിൽ പങ്കെടുത്തു ശ്രദ്ധനേടിയ വിവിയൻ അട്ടിപ്പേറ്റിയുടെ ഇംഗ്ലീഷ് ഗാനാലാപനം സംഗീതാസ്വാദകർ നെഞ്ചിലേറ്റി.

ഇന്ത്യയിൽ നിന്നെത്തിയ മ്യൂസിക് ഗ്രൂപ്പ് മഹാരാജ് ത്രയം(സാരോദ്, സിത്താർ, തബല) സംഗീത പരിപാടി അവതരിപ്പിച്ചു. കഥക്, ബംഗാര, ഫോൾക് ഡാൻസ്, ഭരതനാട്യം, തില്ലാന, മറാഠി കഥക് ഡാൻസ്, മറാഠി സിംബ ഡാൻസ്, ബോളിവുഡ് ഡാൻസ്, പീകോക് ഡാൻസ് തുടങ്ങിയ അത്യാകർഷകങ്ങളായ മുപ്പതിലധികം കലാരൂപങ്ങൾക്ക് പുറമെ ഹിന്ദുസ്ഥാനി, ബോളിവുഡ്, ഇംഗ്ലീഷ്, പോപ് സംഗീതം തുടങ്ങിയവയാണ് അഞ്ചു മണിക്കൂറോളം നീണ്ട പരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നത്. ഫെസ്റ്റ് വൻ വിജയമാക്കിയവർക്ക് നന്ദി പറഞ്ഞ ജനറൽ കോണ്‍സുലർ പ്രതിഭാ പാർക്കർ, പങ്കെടുത്ത കലാകാരന്മാർക്കും കലാകാരികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വൈകുന്നേരം ഏഴോടെ പരിപാടികൾ സമാപിച്ചു. ജെൻസ്, ജോയൽ എന്നിവർ പരിപാടികൾ കാമറയിൽ പകർത്തി.

ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ അനാവരണം ചെയ്ത വർണാഭമായ ഇന്ത്യ ഉൽസവത്തിൽ ഇന്ത്യൻ രുചിക്കൂട്ടുകൾ ആസ്വദിച്ച് തത്സമയ കലാപരിപാടികളിൽ ലയിച്ച് കൊളോണിൽ ഇന്ത്യയെ അനുഭവിക്കാൻ സാധിച്ചുവെന്ന് പങ്കെടുത്തവർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടത് ഫെസ്റ്റിന്‍റെ വൻ വിജയമായി കണക്കാക്കുവെന്ന് കോണ്‍സുലർ പ്രതിഭ പാർക്കറും കോണ്‍സുലേറ്റിലെ വിദ്യാഭ്യാസ ഓഫീസറും കോണ്‍സൽ ജനറലിന്‍റെ സോഷ്യൽ സെക്രട്ടറിയുമായ മൃദുല സിംഗും സംഘാടക സമിതിയംഗമായ ലേഖകനോടു പറഞ്ഞു.


നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിലെ ഇന്ത്യൻ സമൂഹവും വിദേശ ടൂറിസ്റ്റുകളും തദ്ദേശവാസികളായ ജർമൻകാരും അടക്കം ഏതാണ്ട് അയ്യായിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു. കൊളോണ്‍ കേരള സമാജത്തെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറിയും ഫെസ്റ്റ് സംഘാടക സമിതിയംഗമായ ഡേവീസ് വടക്കുംചേരി, കൾച്ചറൽ സെക്രട്ടറി ജോസ് കുന്പിളുവേലിൽ, ട്രഷറൽ ഷീബ കല്ലറയ്ക്കൽ, ജോയിന്‍റ് സെക്രട്ടറി ജോസ് നെടുങ്ങാട്, സമാജം അംഗങ്ങളായ എൽസി വടക്കുംചേരി, ജോസ് കല്ലറയ്ക്കൽ, മോളി നെടുങ്ങാട്, ഷീന കുന്പിളുവേലിൽ, തോമസ് അറന്പൻകുടി, അച്ചാമ്മ അറന്പൻകുടി, തങ്കമ്മ ലൈഡിഷ്, ജോർജ് അട്ടിപ്പേറ്റി, ജാനറ്റ് അട്ടിപ്പേറ്റി, തെയ്യാമ്മ കളത്തിക്കാട്ടിൽ എന്നിവരെ കൂടാതെ നിരവധി മലയാളികളും എത്തിയിരുന്നു.

ഇന്ത്യൻ അസോസിയേഷനുകൾ ഒരുക്കിയ ഫുഡ് സ്റ്റാളുകളിൽ ഏകദേശം 250 ഇനം ഭക്ഷ്യ വിഭവങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രുചി വൈവിധ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സാരി ഞൊറിയൽ, മൈലാഞ്ചിയിടൽ തുടങ്ങിയ പരിപാടികളും ഫെസ്റ്റിന് കൊഴുപ്പുകൂട്ടി.