സമീക്ഷ ദേശീയ സമ്മേളനം സെപ്റ്റംബര്‍ 7,8 തീയതികളില്‍, ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു തുടക്കമായി
Sunday, June 23, 2019 3:11 PM IST
പൂള്‍ : സെപ്റ്റംബര്‍ 7,8 തീയതികളില്‍ വെംബ്‌ളി ലണ്ടനില്‍ ചേരുന്ന 'സമീക്ഷ' ബ്രിട്ടണിന്റെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി, ബ്രിട്ടനിലെ വിവിധ സമീക്ഷ യൂണിറ്റുകളുടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു പൂളില്‍ തുടക്കം കുറിച്ചു . സമീക്ഷ യൂണിറ്റ് അധ്യക്ഷന്‍ പോളി മാഞ്ഞൂരാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബ്രാഞ്ച് സമ്മേളനത്തില്‍ സമീക്ഷ ദേശീയ സമിതി സെക്രട്ടറി സ്വപ്ന പ്രവീണ്‍ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ബേബി പ്രസാദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സ്വപ്ന പ്രവീണ്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു .
സമകാലീന സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തതോടൊപ്പം കേരളത്തിലെയും ഇന്ത്യയിലെയും പുരോഗമന സാംസകാരിക പ്രസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ സമ്മേളനത്തില്‍ വിവിധ പ്രവര്‍ത്തകര്‍ പങ്കു വെച്ചു .പൂളിലെ സമീക്ഷ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുവാന്‍ പോളി മാഞ്ഞൂരാന്‍ പ്രസിഡന്റായും, നോബിള്‍ തെക്കേമുറി സെക്രട്ടറിയുമായ കമ്മിറ്റിയെ ബ്രാഞ്ച് സമ്മേളനം തെരഞ്ഞെടുത്തു. കൂടാതെ ജിജു സാലിസ്ബറി വൈസ് പ്രസിഡന്റ് ആയും റെജി കുഞ്ഞാപ്പി ജോയിന്റ് സെക്രട്ടറി ആയും സമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്തു. സമീക്ഷ ബ്രിട്ടണിന്റെ ദേശീയ സമ്മേളന വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകത ദേശീയ സെക്രട്ടറി സംഘടന റിപ്പോര്‍ട്ടില്‍ ഊന്നി പറയുകയും ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ സെപ്റ്റംബര്‍ എട്ടിനു നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിലേക്കു പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു. സെപ്റ്റംബര്‍ ഏഴിനു നടക്കുന്ന പൊതുയോഗത്തിലും സുനില്‍ ഇളയിടം നയിക്കുന്ന സാംസ്‌ക്കാരിക സെമിനാറിലും പങ്കെടുക്കാന്‍ പ്രവര്‍ത്തകരെ എത്തിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളികളാവാന്‍ സമീക്ഷ ദേശീയ സമിതി അംഗം ബേബി പ്രസാദ് ആശസ പ്രസംഗത്തില്‍ പ്രവര്‍ത്തകരെ ഓര്‍മ്മപെടുത്തി .

ദേശീയ സമ്മേളനത്തിന്റെ ഭാഗമായ ആദ്യ ബ്രാഞ്ച് സമ്മേളനം ചര്‍ച്ചകള്‍ കൊണ്ടും സംഘാടനം കൊണ്ടും വന്‍പിച്ച വിജയമാക്കിയ പൂളിലെ സമീക്ഷ പ്രവര്‍ത്തകരെ ദേശീയ സമിതി അഭിനന്ദിച്ചു.

ദേശീയ സമ്മേളനത്തിന്റെ ഭാഗമായ മറ്റ് ബ്രാഞ്ച് സമ്മേളനങ്ങള്‍ ദേശീയ സമിതി തീരുമാനിച്ച പ്രകാരം നടക്കുമെന്നുംദേശീയ സെക്രട്ടറി സമ്മേളനത്തില്‍ അറിയിച്ചു . ലണ്ടന്‍ ഈസ്റ്റ് ഹാം സമ്മേളനവും ഗ്ലോഷേര്‍ഷിര്‍ സമ്മേളനവും ഞായറാഴ്ച (23 ജൂണ്‍) ചേരുമെന്നും ദേശീയ സമിതി അംഗങ്ങള്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നും സമീക്ഷ ദേശീയ സമിതി പത്രകുറിപ്പിലൂടെ അറിയിച്ചു .

റിപ്പോര്‍ട്ട്: ജയന്‍ ഇടപ്പാള്‍