സമര ഭീഷണിയുമായി ലുഫ്താൻസ ക്യാബിൻ ക്രൂ
Friday, June 21, 2019 9:14 PM IST
ബർലിൻ: നടപ്പുവർഷത്തെ വേനൽക്കാലത്ത് സമര പരന്പരകൾ തന്നെ നടത്തുമെന്ന മുന്നറിയിപ്പുമായി ലുഫ്താൻസ എയർലൈൻസിന്‍റെ ജർമനിയിലെ ക്യാബിൻ ക്രൂ.

വേനലവധിക്കാലമായതിനാൽ ജൂലൈയിൽ സമരം നടത്തുന്നത് പതിവിലധികം യാത്രക്കാരെ ബുദ്ധിമുട്ടിക്കും. ശന്പള വർധന ആവശ്യപ്പെട്ടാണ് യൂണിയനുകൾ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ലുഫ്താൻസയുടെ സബ്സിഡയറികളായ യൂറോവിംഗ്സിലെയും ജർമൻ വിംഗ്സിലെയും ജീവനക്കാർ സമരം നടത്തണോ എന്ന കാര്യത്തിൽ അടുത്ത ആഴ്ച വോട്ട് ചെയ്ത് തീരുമാനമെടുക്കും. സമരത്തിനുള്ള തീയതികളും വോട്ടെടുപ്പിലായിരിക്കും തീരുമാനിക്കുക.

ശന്പളത്തർക്കം ബോധപൂർവം വഷളാക്കാനുള്ള നടപടികളാണ് മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്ന് യുഎഫ്ഒ യൂണിയൻ നേതാവ് ഡാനിയൽ ഫ്ലോർ പറഞ്ഞു.

30,000 ഓളം ക്യാബിൻ സ്റ്റാഫുകൾ പണണിമുടക്കിൽ പങ്കെടുക്കുമെന്നാണ് സമരസമിതി വക്താവ് അവകാശപ്പടുന്നത്.മുന്പ് ഒപ്പുവച്ച കൂട്ടായ വിലപേശൽ കരാറുകൾ നടപ്പിലാക്കിയില്ലെന്നാണ് ഇപ്പോഴത്തെ സമരക്കാരുടെ ആവശ്യം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ