പ്രധാനമന്ത്രി പദം ; ബോറിസ് ജോണ്‍സനും ജെറമി ഹണ്ടും തമ്മിൽ മത്സരം
Friday, June 21, 2019 9:03 PM IST
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കും ടോറി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കും നടക്കുന്ന മത്സരത്തിൽ ബോറിസ് ജോണ്‍സനും ജെറമി ഹണ്ടും തമ്മിൽ ഏറ്റുമുട്ടും. പാർട്ടി എംപിമാർക്കിടയിൽ നടത്തിയ അവസാനവട്ട ബാലറ്റോടെ മത്സരത്തിൽ ശേഷിച്ചിരുന്ന മൈക്കൽ ഗവ് കൂടി പുറത്തായതോടെയാണ് നേരിട്ടുള്ള മത്സരത്തിന് കളമൊരുങ്ങിയത്.

നിലവിൽ പരിസ്ഥിതി സെക്രട്ടറിയായ ഹണ്ടിന് 75 എംപിമാരുടെ പിന്തുണയാണ് ലഭിച്ചത്. ബോറിസ് ജോണ്‍സന് 160 എംപിമാരുടെയും പിന്തുണ ലഭിച്ചു.

ഇനി പാർട്ടി അംഗങ്ങൾക്കിടയിൽ നടക്കുന്ന വോട്ടെടുപ്പിലാണ് ഇവരിലൊരാളെ നേതാവായി തെരഞ്ഞെടുക്കുക. 160,000 പേരാണ് പാർട്ടി അംഗങ്ങളായുള്ളത്. ജൂലൈ 22ന് വിജയിയെ പ്രഖ്യാപിക്കും.

എംപിമാർക്കിടയിൽ നടക്കുന്ന ബാലറ്റിൽ ആദ്യ വട്ടം മുതൽ ബോറിസ് ജോണ്‍സൻ തന്നെയാണ് വ്യക്തമായ ലീഡ് നേടിയിരിക്കുന്നത്. അവസാനവട്ട മത്സരത്തിൽ അദ്ദേഹത്തെ നേരിടുന്നതാര് എന്ന കാര്യത്തിൽ മാത്രമാണ് സംശയം നിലനിന്നിരുന്നത്.

ഇനി തന്‍റെ ബ്രെക്സിറ്റ് പ്ലാനുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയാണെന്ന് ബോറിസ് ജോണ്‍സൻ പ്രഖ്യാപിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ