ഇവാഞ്ചലിക്കൽ ദിനാചരണത്തിന് ജർമനിയിൽ തുടക്കമായി
Thursday, June 20, 2019 10:46 PM IST
ബർലിൻ: ജർമനിയിലെ നോർത്ത് റൈൻ വെസ്റ്റ് ഫാളിയ സംസ്ഥാനത്തെ ഡോർട്ട്മുണ്ട് നഗരത്തിൽ ജർമൻ ഇവാഞ്ചലിക്കൽ സഭയുടെ മുപ്പത്തിയേഴാം ചർച്ച് ഡേ ആഘോഷത്തിന് ആരംഭം കുറിച്ചു. 5 ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ ഇന്ത്യ ഉൾപ്പടെ 150 രാജ്യങ്ങളിൽ നിന്നായി പ്രമുഖർ ഉൾപ്പടെ രണ്ട ലക്ഷത്തിലധികം വിശ്വാസികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. "എന്താണ് വിശ്വാസം' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

ജൂണ്‍ 19 ന് വൈകിട്ട് ആരംഭിച്ച പരിപാടികൾ ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയർ ഉദ്ഘാടനം ചെയ്തു.വെസ്റ്റ്ഫാളിയ മുഖ്യമന്ത്രി അർമീൻ ലാഷെറ്റ് ആശംസകൾ നേർന്നു.

പലവിധ കാരണങ്ങൾകൊണ്ടു സഭകളുടെ വിശ്വാസം ജനങ്ങളിൽ നിന്നകലുകയാണെന്നും ആ വിശ്വാസം വീണ്ടെ ടുക്കാൻ സഭകൾ തയാറാകണമെന്നു ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്‍റ് സ്റ്റൈൻമയർ സഭാധികാരികളെ ഓർമിപ്പിച്ചു.

മൾട്ടി കൾച്ചറൽ രാജ്യമായി ജർമനി മാറിയെന്നും എല്ലാ മതക്കാരും ഏകോദര സഹോദരങ്ങളെപ്പോലെ രാജ്യത്തു ജീവിക്കാൻ സഹിഷ്ണുത കാട്ടണമെന്നും ഇവിടെ ജീവിക്കുന്പോൾ എല്ലാവരുടെയും മാതൃരാജ്യം ജർമനിയാണെന്ന് കരുതണമെന്നും പ്രസിഡന്‍റ് കൂട്ടിചേർത്തു.

ശനിയാഴ്ച നടക്കുന്ന പൊതുസമ്മേളനത്തിൽ ചാൻസലർ ആംഗല മെർക്കൽ ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുക്കും. ഞായറാഴ്ച ആഘോഷം സമാപിക്കും.

രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന സമ്മേളനം 2021 ൽ ഫ്രാങ്ക്ഫർട്ടിൽ നടക്കും. 2017 ലാണ് സഭ അഞ്ഞൂറാം വാർഷികം ആഘോഷിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ