ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനം : യോഗയെ പ്രകീർത്തിച്ച് നരേന്ദ്ര മോദിയുടെ കുറിപ്പ്
Thursday, June 20, 2019 10:08 PM IST
ബർലിൻ: അന്താരാഷ്ട്ര യോഗ ദിനമായി ജൂണ്‍ 21 ആചരിക്കുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുറിപ്പ് പുറത്ത്. യോഗയെ ജീവിതത്തിന്‍റെ ഭാഗമാക്കാനും ഈ യോഗ ദിനത്തിൽ കുടുംബത്തോടൊപ്പം യോഗ ചെയ്യാനുമാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.

ഫിറ്റ്നസിലേക്കും വെൽനസിലേക്കുമുള്ള പാസ്പോർട്ട് എന്നാണ് യോഗയെ പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നത്. അതു വെറുമൊരു വ്യായാമല്ലെന്നും സ്വയം കണ്ടെത്തുന്നതിനുള്ള ഉപാധിയാണെന്നും കൂടി അദ്ദേഹം കൂട്ടിചേർക്കുന്നു.

ഞാൻ എന്ന സങ്കൽപ്പത്തിനു പകരം നമ്മൾ എന്ന സങ്കൽപ്പത്തിലേക്കുള്ള യാത്രയാണ് യോഗ. എത്ര ഉയരങ്ങൾ കീഴടക്കിയാലും മാനസികമായ സന്തോഷം ലഭിക്കണമെന്നില്ല. അങ്ങനെയുള്ളവർക്ക് മനസിനുള്ള ഒൗഷധമാണ് യോഗ.

ആയുരാരോഗ്യ സൗഖ്യത്തിനും യോഗ ഉത്തമം. ജോലി സംബന്ധമായും അല്ലാതെയുമുള്ള സമ്മർദങ്ങൾക്കും ഇതു പ്രതിവിധിയാണ്. കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും യോഗയ്ക്കു സാധിക്കുമെന്നും പ്രധാനമന്ത്രി.

ജർമനിയിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ജൂണ്‍ 21 ബർലിനിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം നടക്കും. വൈകുന്നേരം നാലു മുതൽ 5.30 വരെയാണ് പരിപാടി. പ്രവേശനം സൗജന്യമാണ്. ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 500 പേർക്ക് ടി ഷർട്ടും, ഇരിക്കാനുള്ള പായയും സൗജന്യമായി നൽകുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ