സംസ്കാരങ്ങളുടെ സമ്മേളന വേദിയായ പ്രോസി എക്സോട്ടിക്ക് ഫെസ്റ്റിവലിന് ഉജ്ജ്വല സമാപനം
Tuesday, June 18, 2019 9:37 PM IST
വിയന്ന: വിവിധ സംസ്കാരങ്ങളിൽ നിന്നുള്ളവർക്കായി ഓസ്ട്രിയയിൽ സംഘടിപ്പിച്ച 19-ാമത് പ്രോസി എക്‌സോട്ടിക് ഫെസ്റ്റിവല്‍ വർണാഭമായി. നിരവധി രാജ്യങ്ങളില്‍ നിന്നുമായി മൂന്നൂറിലധികം കലാകാരന്മാരുടെ പ്രകടനങ്ങളും ലൈവ് സംഗീതവുമായി സമാപിച്ച ഫെസ്റ്റിവല്‍ ബഹുസ്വരതയുടെ പ്രകടമായ സമ്മേളന വേദിയായി.

വിയന്നയുടെ ഹൃദയ ഭാഗത്ത് തെരുവിൽ നടന്ന ദ്വിദിന ഫെസ്റ്റിവലില്‍ ആയിരകണക്കിന് കാണികൾ പങ്കെടുത്തു. ആഫ്രിക്കന്‍ കലാകാരൻമാരുടെ പ്രകടനങ്ങൾ, ഇന്ത്യന്‍ ക്ലാസിക്കല്‍ ബോളിവുഡ് നൃത്തനൃത്യങ്ങള്‍, ബെല്ലി ഡാന്‍സ്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പരമ്പരാഗത നൃത്തം, ബംഗാളി ഡാന്‍സ്, ചൈനീസ് ഡാന്‍സ്, പഞ്ചാബികളുടെ പ്രത്യേക കായികാഭ്യാസങ്ങൾ തുടങ്ങിയ ഇനങ്ങള്‍ ഫെസ്റ്റിവല്‍ വേദിയെ വിസ്മയിപ്പിച്ചു. പ്രോസി സ്ലീക് വിഗ് ഫാഷൻ ഷോ, ലാറ്റിനോ മ്യൂസിക്, ട്രംമേൽ വർക്ക്ഷോപ്, തായ് നൃത്തം, മെക്സിക്കൻ ഡാൻസ്, ഇന്ത്യൻ മാർഷ്യൽ ആർട്സ്, ആഫ്രോ ബ്രസീലിയൻ മാർഷ്യൽ ആർട്സ് തുടങ്ങിയ ഇനങ്ങൾ വേദിയെ പ്രകമ്പനം കൊള്ളിച്ചു.

സമാപനദിവസം നടന്ന പൊതുസമ്മേളനം ഓസ്ട്രിയയിലെ നൈജീരിയൻ അംബാസഡർ വിവിയൻ എൻ. ആർ. ഒക്കെകെ ഉദ്ഘാടനം ചെയ്തു. ഡൈയൂഡോന്നെ കെറി (അംബാസഡർ, ബുർക്കിനോ ഫാസോ), റോക്സന്ന ഡി ലോസ് സാന്റോസ് ഡെപ്യൂട്ടി അംബാസഡർ ഡൊമിനിക്കൻ റിപ്പബ്ലിക്ക്), തീഥിപോർൺ ചിരസവാദി (മിനിസ്റ്റർ, തായ് എംബസി), പാർലമെന്‍റ് അംഗവും മുനിസിപ്പൽ കൗൺസിലറുമായ ബാർബറ ഹ്യൂമെർ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി (എസ്എംസിസി വിയന്ന) ഹെറാൾഡ് (ചെയർമാൻ, ലേബർ യൂണിയൻ), റിച്ചാർഡ് സ്കോട്ട് (എംഡി, സ്ലീക്ക് ഹെയർ), തുടങ്ങിയ വിശിഷ്ട അതിഥികളും സമ്മേളനത്തിൽ പങ്കെടുത്തു.

തനതായ മേഖലയില്‍ മികവു പുലര്‍ത്തുന്നവരെ ആദരിക്കാൻ ഏർപ്പെടുത്തിയിരിക്കുന്ന പ്രോസി എക്സലന്‍സ് അവാര്‍ഡ് ബുര്‍ക്കിന ഫാസോയില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന ഫായ് ഐറീന്‍ എസ്റ്റല്ലേ ഹോഷൗര്‍ ക്‌പോടയ്ക്ക് അംബാസഡർ ഡൈയൂഡോന്നെ കെറി സമ്മാനിച്ചു. കാഴ്ചയുടെ പൂരം ഒരുക്കി അരങ്ങേറിയ ലാറ്റിന്‍ അമേരിക്കന്‍ ബാന്‍ഡായ ഹാരോള്‍ഡ് ടെയ്ലറിന്‍റേയും പ്രിന്‍സ് സേക്കയുടെയും ലൈവ് സംഗീത ഷോ ഏറെ ശ്രദ്ധേയമായി.

ഇന്ത്യന്‍ ഭക്ഷണ ശാലകള്‍ക്കുപുറമെ ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്നും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള ഭക്ഷണ പാനീയങ്ങളും ഫെസ്റ്റിയവലിന്‍റെ വേദിയെ ജനപ്രിയമാക്കി. മേളയില്‍ പങ്കെടുത്ത ഓരോ രാജ്യക്കാർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനു കൂടി എക്‌സോട്ടിക്ക് ഫെസ്റ്റിവല്‍ വേദിയാകുന്നതില്‍ അഭിമാനമുണ്ടെന്നു അഭിപ്രായപ്പെട്ട പ്രോസി ഗ്രൂപ്പ് സ്ഥാനപങ്ങളുടെ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, ഓരോ വർഷം കഴിയുംതോറും പ്രോസി ഫെസ്റ്റിവൽ സ്വദേശിയരും വിദേശിയരുമായി കൂടുതൽ ആളുകളെ ആകര്‍ഷിച്ചുവരുന്നതായി പറഞ്ഞു.

ഇരുപതാമത്തെ പ്രോസി ഫെസ്റ്റിവൽ വിപുലമായ രീതിയിൽ 2020 ജൂണിൽ സംഘടിപ്പിക്കുമെന്ന് പ്രോസി ഡയറക്ടർമാരായ സിറോഷ് ജോർജ്, സിജി പള്ളിക്കുന്നേൽ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്:ജോബി ആന്‍റണി