സ്റ്റീവനേജിൽ വിദ്യാരംഭം നടത്തി
Tuesday, June 18, 2019 7:47 PM IST
സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ നിർദ്ദിഷ്‌ഠ മിഷനായ സ്റ്റീവനേജിൽ പെന്തകോസ്ത തിരുനാളിനോടനുബന്ധിച്ചു വിദ്യാരംഭം നടത്തി. പ്രീസ്റ്റ് ഇൻ ചാർജും സീറോ മലബാർ സഭ ലണ്ടൻ റീജണൽ ഡയറക്ടറുമായ ഫാ. സെബാസ്റ്റ്യൻ ചാമക്കാലയാണ് വിശുദ്ധ കുർബാനക്കുശേഷം നടന്ന ചടങ്ങിൽ കുരുന്നുകളെ എഴുത്തിനിരുത്തിയത്.

ജ്ഞാനത്തിന്‍റേയും അറിവിന്‍റേയും ഉറവിടമായ പരിശുദ്ധാത്മാവിന്‍റെ ശ്ലീഹന്മാരിലേയ്ക്കുള്ള കടന്നുവരവിനെയും അതുവഴി ക്രിസ്തു ശിഷ്യർക്ക് ലഭിച്ച ബഹുഭാഷാ വരവും കത്തോലിക്കാ സഭയുടെ ആരംഭവും തിരുസഭ ധ്യാനിക്കുന്ന പെന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ചുള്ള ദിനങ്ങളിലാണ് കത്തോലിക്കാ ദേവാലയങ്ങളിൽ വിദ്യാരംഭം കുറിക്കൽ കർമ്മം നടത്തുന്നത്.

അറിവിന്‍റെ അക്ഷര ലോകത്തേക്ക് കുരുന്നുകളെ ആദ്യാക്ഷരം കുറിച്ച് കൈപിടിച്ച് പ്രവേശിപ്പിക്കുന്നതിന്‍റെ ആരംഭ ആഹ്ളാദവും അപരിചിത്വത്തിന്‍റെ ആശങ്കകളും കുട്ടികളുടെ മുഖ ഭാവങ്ങളിൽ നിഴലിച്ചപ്പോൾ കണ്ടു നിന്നവരിൽ ചിരിപടർത്തി.

കുട്ടികളെ മാതാപിതാക്കൾ വൈദികരുടെ അടുത്തു കൊണ്ടു വരുകയും പേര് പറഞ്ഞു ശിഷ്യരായി സമർപ്പിക്കുകയും തുടർന്നു വൈദികൻ, ഗുരു -ശിഷ്യ സ്നേഹബന്ധത്തിന്റെ പ്രകടനമായി മടിയിൽ പിടിച്ചിരുത്തി വിജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റേയും ബുദ്ധിയുടെയും വരദാനമായ പരിശുദ്ധാല്മ അഭിഷേകത്തിനായി പ്രാർഥിച്ച ശേഷം, പാത്രത്തിൽ നിരത്തിയിരിക്കുന്ന ഉണക്ക കുത്തരിയിൽ കുരിശു വരച്ചുകൊണ്ടു അക്ഷര ലോകത്തേയ്ക്ക് പ്രവേശിപ്പിക്കുന്ന കുട്ടികൾക്ക്, തുടർന്ന് ദൈവത്തിനു സ്തുതി എന്ന് പറയിപ്പിച്ച് ആദ്യാക്ഷരങ്ങളായ ഇംഗ്ലീഷിലെ 'എ' മലയാളത്തിൽ 'അ' യും കുറിച്ച് ഗുരുവിന് സ്തുതിയും ചൊല്ലിപ്പിച്ചാണ് വിദ്യാരംഭം കുറിക്കൽ ചടങ്ങ് നടത്തിയത്.

പള്ളിയിലെ നേർച്ചകാണിക്കയിൽ തുട്ട് നിക്ഷേപിച്ചു പ്രാർഥിച്ചും നന്ദിയും വിശ്വാസവും പ്രഖ്യാപിച്ചുമാണ് കുട്ടികൾ ഭവനങ്ങളിലേക്ക്‌ മടങ്ങിയത്.

റിപ്പോർട്ട്:അപ്പച്ചൻ കണ്ണഞ്ചിറ