പൂർവ ജർമൻ ജനസംഖ്യയിൽ റിക്കാർഡ് ഇടിവ്
Saturday, June 15, 2019 8:48 PM IST
ബർലിൻ: പൂർവ ജർമനിയിലെ ജനസംഖ്യ 114 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിലയിലേക്കു താഴ്ന്നു. 13.6 മില്യനാണിപ്പോൾ രാജ്യത്തിന്‍റെ കിഴക്കൻ മേഖലയിലെ ജനസംഖ്യ. 1905 ലാണ് ഇത്രയും കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.

കൂടുതലാളുകൾ താരതമ്യേന കൂടുതൽ വികസിതമായ രാജ്യത്തിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്കു മാറുന്ന പ്രവണത കാരണമാണ് കിഴക്കൻ ഭാഗങ്ങളിൽ ജനസംഖ്യ ഇത്രയധികം കുറയുന്നതെന്നാണ് വിലയിരുത്തൽ.

മുപ്പതു വർഷം മുൻപ് പശ്ചിമ ജർമനിയും പൂർവ ജർമനിയും പുനരേകീകരിക്കപ്പെട്ടെങ്കിലും വിഭജനം ഇപ്പോഴും കൃത്യമായി നിലനിൽക്കുന്നു എന്നതിന്‍റെ സൂചനകളായാണ് ഇതെല്ലാം വ്യാഖ്യാനിക്കപ്പെടുന്നത്.

പശ്ചിമ ജർമനിയിൽ 1905ലെ ജനസംഖ്യ 32.6 മില്യനായിരുന്നു. ഇപ്പോഴത് ഇരട്ടിയിലധികം, അതായത് 68.3 മില്യനിലേക്ക് വളരുകയും ചെയ്തിരിക്കുന്നു. കിഴക്കൻ ജർമൻ നഗരങ്ങളിൽ ഡ്രെസ്ഡനും ലീപ്സീഗും പശ്ചിമ ജർമൻ നഗരങ്ങളുടെ വളർച്ചയുമായി താരതമ്യം ചെയ്യുന്പോൾ പകുതി മാത്രമാണ് വളർന്നിട്ടുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം ജർമനിയിലെ മൊത്തം ജനസംഖ്യ 82,500 300 ആണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ