തുല്യ വേതനം ആവശ്യപ്പെട്ട് സ്വിറ്റ്സർലൻഡിൽ സ്ത്രീകളുടെ പ്രക്ഷോഭം
Saturday, June 15, 2019 8:43 PM IST
ബേണ്‍: സ്വിറ്റ്സർലൻഡിൽ സ്ത്രീകൾ പുരുഷൻമാർക്കു തുല്യമായ വേതനം ആവശ്യപ്പെട്ട് തെരുവുകളിൽ പ്രക്ഷോഭം നടത്തി. രാജ്യത്തെ എല്ലാ പ്രധാന പട്ടണങ്ങളിലും നഗരങ്ങളിലും പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെട്ടു.

പതിനാറ് സ്വിസ് യൂണിയനുകളുടെ കൂട്ടായ്മയായ യുഎസ്എസ് ആണ് പ്രക്ഷോഭം ആസൂത്രണം ചെയ്തത്. സ്വിറ്റ്സർലൻഡിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പ്രക്ഷോഭമെന്നാണ് അവരിതിനെ വിശേഷിപ്പിക്കുന്നത്. മുപ്പതു വർഷം മുൻപാണ് തുല്യ വേതനം ആവശ്യപ്പെട്ട് സ്വിസ് വനിതകൾ ആദ്യമായി സമരം ചെയ്തത്. ഇപ്പോഴും ആവശ്യം പൂർണമായി അംഗീകരിക്കപ്പെട്ടിട്ടില്ല.

തലസ്ഥാനമായ ബേണിൽ നടത്തിയ പ്രകടനത്തിൽ നാൽപ്പതിനായിരം സ്ത്രീകൾ പങ്കെടുത്തു. സൂറിച്ചിൽ എഴുപതിനായിരം പേരും ബേസലിൽ നാൽപ്പതിനായിരം പേരും ജനീവയിൽ ഇരുപതിനായിരും പേരും പ്രകടനങ്ങളിൽ അണിചേർന്നു. ലോസേനിൽ അറുപതിനായിരം പേരും പ്രകടനത്തിനെത്തി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ