പതിറ്റാണ്ടിനു ശേഷം പിങ്ക് ബസുകൾ വീണ്ടും നിരത്തിലേക്ക്
Saturday, June 15, 2019 8:00 PM IST
ബംഗളൂരു: ഒരു പതിറ്റാണ്ടിനു ശേഷം നഗരത്തിൽ വീണ്ടും സ്ത്രീകൾക്കു മാത്രമായുള്ള പിങ്ക് ബസുകൾ എത്തുന്നു. നിർഭയ ഫണ്ടിൽ ഉൾപ്പെടുത്തി 47 നോൺ എസി ബസുകൾ നിരത്തിലിറക്കാൻ ബിഎംടിസി നിർദേശം സമർപ്പിച്ചു. ഇതിനായി കേന്ദ്രസർക്കാരിനോട് 15.1 കോടി രൂപയുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ യാത്രികരുടെ സുരക്ഷയ്ക്കായി പിങ്ക് ബസുകളിൽ വനിതാ കണ്ടക്ടർമാരും സിസിടിവി കാമറകളും പാനിക് ബട്ടണുകളുമുണ്ടാകും.

നേരത്തെ, 2006-2007 വർഷത്തിൽ ബിഎംടിസി പിങ്ക് ബസുകൾ നിരത്തിലിറക്കിയിരുന്നു. എന്നാൽ യാത്രക്കാരുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമുണ്ടാകാതെ വന്നതോടെ ബസുകൾ പിൻവലിക്കുകയായിരുന്നു.

വനിതാ യാത്രികർ കൂടുതലുള്ള റൂട്ടുകളിലായിരിക്കും പിങ്ക് ബസുകൾ സർവീസ് നടത്തുക. നഗരത്തിലെ വസ്ത്രനിർമാണശാലകൾ സ്ഥിതി ചെയ്യുന്ന മേഖലകളിലും കൂടുതൽ സർവീസുകളുണ്ടായിരിക്കും. നഗരത്തിൽ ഏകദേശം 750 വസ്ത്രനിർമാണശാലകളും അവയിലായി രണ്ടരലക്ഷത്തോളം വനിതാജീവനക്കാരുമുണ്ടെന്നാണ് കണക്ക്.

നഗരത്തിലെ മിക്ക വനിതാ യാത്രികരും പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നും പിങ്ക് ബസുകൾ അവരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും അവരുടെ ആത്മവിശ്വാസം ഉയർത്തുമെന്നും ബിഎംടിസി അധികൃതർ അറിയിച്ചു. നിലവിൽ ബിഎംടിസിക്ക് പിങ്ക് ബസുകളില്ലെങ്കിലും തിരക്കുള്ള സമയങ്ങളിൽ വനിതകൾക്കു മാത്രമായി 12 ബസുകൾ‌ സർവീസ് നടത്തുന്നുണ്ട്. വിധാൻ സൗധയിലെ ജീവനക്കാരെ ലക്ഷ്യമിട്ടാണ് ഈ സർവീസുകൾ.

പിങ്ക് ബസുകളിൽ വനിതാ ഡ്രൈവർമാരെ നിയമിക്കാനാണ് ബിഎംടിസി ഒരുങ്ങുന്നത്. എന്നാൽ, ഹെവി ലൈസൻസ് ഉള്ള ഒരു വനിതാഡ്രൈവർ മാത്രമേ ഇപ്പോൾ ബിഎംടിസിക്കുള്ളൂ. ഹെവി ലൈസൻസിനായി വനിതകൾക്ക് പ്രത്യേക പരിശീലനം നല്കുന്നുണ്ടെന്നും അടുത്തവർഷത്തോടെ നൂറോളം വനിതാ ഡ്രൈവർമാരെ നിയമിക്കുമെന്നും ബിഎംടിസി അറിയിച്ചു. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ബിഎംടിസിയിലെ പകുതിയോളം ഡ്രൈവർമാർ വനിതകളായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

ബിഎംടിസി ബസുകളിലെ വനിതാ യാത്രികരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി നിർഭയ ഫണ്ടിൽ നിന്ന് 56.1 കോടി രൂപയുടെ സഹായവും തേടിയിട്ടുണ്ട്. വനിതകൾക്ക് ഹെവി ലൈസൻസ് പരിശീലനം, 1,000 ബസുകളിൽ സിസിടിവി കാമറകൾ, വനിതാ യാത്രികർക്ക് പ്രത്യേക സൗകര്യങ്ങളുള്ള 38 ബസ് സ്റ്റേഷനുകൾ, ജീവനക്കാർക്ക് സ്ത്രീസുരക്ഷാ പരിശീലനം എന്നിവയും ബിഎംടിസി പദ്ധതിയിടുന്നുണ്ട്.