അയർലൻഡിലെ ട്രെയ്നിൽ ജനിച്ച കുട്ടിക്ക് 25 വർഷത്തേക്ക് സൗജന്യ യാത്ര
Friday, June 14, 2019 9:51 PM IST
ഡബ്ലിൻ: ട്രെയ്ൻ യാത്രയ്ക്കിടെ ജനിച്ച കുട്ടിക്ക് ഐറിഷ് റെയ്ൽവേ 25 വർഷത്തേക്ക് സൗജന്യ ട്രെയ്ൻ യാത്ര അനുവദിച്ചു. ഗാൽവേയിൽ നിന്ന് ഡബ്ലിനിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപ്രതീക്ഷിത ജനനം.

ആ സമയം ട്രെയിനിലുണ്ടായിരുന്ന ഡോക്ടറും നഴ്സും പ്രസവത്തിനു സഹായിച്ചു. ഡബ്ലിനിലെത്തിയ ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റി. ഇരുവരും സുഖമായിരിക്കുന്നു.

ടോയ്ലറ്റിൽനിന്ന് സ്ത്രീയുടെ കരച്ചിൽ കേട്ട ട്രെയ്നിലെ കാറ്ററിങ് സ്റ്റാഫാണ് വിവരം അധികൃതരെ അറിയിച്ചത്. ടോയ്ലറ്റിന്‍റെ ഡോർ തുറന്നു കയറിയ എമ്മ ടോറ്റെ എന്ന സ്റ്റാഫ് തന്നെയാണ് യാത്രക്കാർക്കിടയിൽ നിന്ന് ഡോക്ടറെയും നഴ്സിനെയും കണ്ടെത്തിയതും.

ഗാൽവേയിൽ ജോലി ചെയ്യുന്ന ഡോ. അലൻ ഡെവിനാണ് സഹായമായത്. എന്നാൽ, രണ്ടു നഴ്സുമാരാണ് യഥാർഥത്തിൽ പ്രസവമെടുത്തതെന്ന് ഡോക്ടർ.

വിമാന യാത്രയ്ക്കിടയിൽ ആകാശത്തുവെച്ച് കുട്ടികൾ ഉണ്ടായാൽ അത്തരം കുട്ടികൾക്ക് ആ കന്പനിയുടെ ഫ്ളൈറ്റുകളിൽ ആജീവനാന്തം ഫ്രീ പറക്കൽ നൽകുന്നത് സ്വഭാവികമാണ്. എന്നാൽ ഇത്തരത്തിലൊരു ടിക്കറ്റ് ഫ്രീ ട്രെയിൻ സവാരി ചരിത്രത്തിലാദ്യമാണ്.

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ