കൃത്രിമമഴ പെയ്യിക്കാൻ കർണാടക; നാളെ കരാർ
Tuesday, June 4, 2019 10:38 PM IST
ബംഗളൂരു: സംസ്ഥാനത്ത് വരൾച്ചയെ നേരിടാൻ ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമഴ പെയ്യിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിനായുള്ള കരാർ ക്വാതി ക്ലൈമറ്റ് മോഡിഫിക്കേഷൻ കൺസൾട്ടൻസുമായി നാളെ ഒപ്പുവയ്ക്കും. ഈമാസം അവസാനത്തോടെ ക്ലൗഡ് സീഡിംഗ് നടത്താനാണ് പദ്ധതിയിടുന്നത്. 90 ദിവസം നീളുന്നതാണ് ഇത്.

സംസ്ഥാനത്ത് ഇത്തവണ മൺസൂൺ മഴ കുറയുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ക്ലൗഡ് സീഡിംഗ് നടത്തി കൃത്രിമമഴ പെയ്യിക്കാൻ സർക്കാർ തീരുമാനമെടുത്തത്. സംസ്ഥാന ഗ്രാമവികസന പഞ്ചായത്ത്‌രാജ് വകുപ്പിനാണ് ഇതിന്‍റെ ചുമതല. മുൻവർഷങ്ങളിൽ ഓഗസ്റ്റിലായിരുന്നു ക്ലൗഡ് സീഡിംഗ് നടത്തിയിരുന്നത്. എന്നാൽ മൺസൂൺ തുടങ്ങുമ്പോൾ തന്നെ പദ്ധതി നടപ്പാക്കുന്നതാണ് ഗുണകരമെന്നതിനാലാൺ ഇത്തവണ ജൂണിൽ നടത്തുന്നത്.

ക്ലൗഡ് സീഡിംഗിനായി ബംഗളൂരുവിലും ഹുബ്ബള്ളിയിലും പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. രണ്ടു വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. 91 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. അതേസമയം, ചെലവു കുറച്ച് ക്ലൗഡ് സീഡിംഗ് നടത്താമെന്ന് വാഗ്ദാനം ചെയ്ത് എച്ച്എഎല്ലും കാൺപുർ ഐഐടിയും സർക്കാരിന് കത്തെഴുതിയിട്ടുണ്ട്. എച്ച്എഎല്ലിന്‍റെ ഡോർണിയർ വിമാനങ്ങൾ ഇതിനായി ഉപയോഗിക്കാമെന്നും കത്തിൽ അറിയിച്ചു. എന്നാൽ ഇതു സംബന്ധിച്ച് സർക്കാർ അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല.