തെരേസ മേ രാജി പ്രഖ്യാപിച്ചു
Saturday, May 25, 2019 3:04 PM IST
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് രാജി പ്രഖ്യാപിച്ചു. ജൂണ്‍ ഏഴിന് തല്‍സ്ഥാനത്തുനിന്നും പടിയിറങ്ങും. ഇതനുസരിച്ച് ഭാവി പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ തയാറെടുക്കുകയാണ് മന്ത്രിമാര്‍. െബ്രക്‌സിറ്റ് ഏതുവിധേനയും നടപ്പാക്കാന്‍ ശ്രമിച്ചത് അമ്പേ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജി.

ടോറി ബാക്ക്‌ബെഞ്ചേഴ്‌സുമായി തെരേസ മേയ് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ നിരന്തരം പരാജയപ്പെട്ടതോടെ രാജി വയ്ക്കാന്‍ അവര്‍ക്കു മേല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു സമ്മര്‍ദം ശക്തമായിരുന്നു. പ്രതിപക്ഷത്തിന്റെ പിന്തുണയോടെ കരാര്‍ പാസാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലേബര്‍ പാര്‍ട്ടിയുമായി നടത്തിയ ചര്‍ച്ചയും ഫലം കണ്ടിരുന്നില്ല.

ജൂണ്‍ പത്തിന് പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളും ആരംഭിക്കുമെന്നാണ് കരുതുന്നത്. നിലവിലുള്ള ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദും മുന്‍ വിദേശകാര്യ സെക്രട്ടറിയും ലണ്ടന്‍ മേയറുമായിരുന്ന ബോറിസ് ജോണ്‍സനുമാണ് തെരേസയുടെ പിന്‍ഗാമിയാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നവര്‍. ബോറിസ് നേതാവാകുന്നതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കവും തുടങ്ങിക്കഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍