മാന്‍ ബുക്കര്‍ പുരസ്‌കാരം ഒമാനി എഴുത്തുകാരിക്ക്
Saturday, May 25, 2019 3:04 PM IST
ലണ്ടന്‍: ഇത്തവണത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം ഒമാനി എഴുത്തുകാരി ജോക്ക അല്‍ഹാര്‍തിക്ക്. അറബിക് സാഹിത്യശാഖയ്ക്കുള്ള ബഹുമതിയായാണ് ഇതു വിശേഷിപ്പക്കെടുന്നത്. അറബിക് സാഹിത്യരംഗത്ത് ഈ പുരസ്‌കാരം നേടുന്ന ആദ്യ വ്യക്തിയാണ് ജോക്ക. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനംചെയ്യപ്പെടുന്ന ആദ്യ ഒമാനി എഴുത്തുകാരിയുമാണ് ജോക്ക.

'സെലസ്റ്റിയല്‍ ബോഡീസ്' എന്ന നോവലിലൂടെയാണ് അവര്‍ പുരസ്‌കാരത്തിന് അര്‍ഹയായത്. സമ്മാനത്തുകയായ 50,000 പൗണ്ട് അല്‍ഹാര്‍തി, നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ബ്രിട്ടീഷ് വിവര്‍ത്തക മരിലിന്‍ ബൂത്തുമായി പങ്കിടും.

അടിമത്തവും കടുത്ത യാഥാസ്ഥിതികതയും നിലനിന്നിരുന്ന ഭൂതകാലത്തില്‍നിന്ന് ആധുനികതയിലേക്കുള്ള ഒമാന്റെ പരിണാമം അല്‍-അവാഫി എന്ന ഗ്രാമത്തിലെ മൂന്നുസഹോദരിമാരുടെ ജീവിതസന്ദര്‍ഭങ്ങളിലൂടെ വെളിപ്പെടുത്തുന്ന നോവലാണ് സെലസ്റ്റിയല്‍ ബോഡീസ്. തലച്ചോറിനെയും ഹൃദയത്തെയും ഒരേപോലെ കീഴടക്കുന്ന കൃതി എന്നാണ് വിധികര്‍ത്താക്കള്‍ നോവലിനെ വിശേഷിപ്പിച്ചത്.

ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ കൃതികള്‍ക്കായാണ് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം നല്‍കുന്നത്. പുരസ്‌കാരം സ്‌പോണ്‍സര്‍ ചെയ്തുവരുന്ന മാന്‍ ഗ്രൂപ്പ് പിഎല്‍സി ഈവര്‍ഷത്തോടെ പിന്‍വാങ്ങുന്ന സാഹചര്യത്തില്‍ അടുത്തവര്‍ഷംമുതല്‍ ഇന്റര്‍നാഷണല്‍ ബുക്കര്‍ പുരസ്‌കാരം എന്നാവും ഇതറിയപ്പെടുക.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍