ലൈംഗികവൃത്തിക്ക് മനുഷ്യക്കടത്ത്: ജര്‍മനിയില്‍ വിചാരണ തുടങ്ങി
Friday, May 24, 2019 2:28 PM IST
ബര്‍ലിന്‍: ലൈംഗിക വൃത്തി നടത്താന്‍ അനധികൃതമായി കടത്തിക്കൊണ്ടുവന്ന കേസില്‍ വിചാരണ തുടങ്ങി. അഞ്ചു പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് നാലു തായ് യുവതികളെയും ഒരു ജര്‍മനിക്കാരനെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്. ഫെഡറല്‍ പോസീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരിശോധനകള്‍ക്കൊടുവിലായിരുന്നു ഇത്.

കടത്തിക്കൊണ്ടുവന്ന ഇരകളില്‍ പലരും ട്രാന്‍സ്‌ജെന്‍ഡറുകളായിരുന്നു. ഇവരില്‍ മിക്കവരുടെയും പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവയ്ക്കുകയും ശമ്പളം തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു.

49 മുതല്‍ 60 വരെ പ്രായമുള്ളവരാണ് പ്രതികള്‍. ഇവര്‍ കടത്തിക്കൊണ്ടുവന്നവരെ റോട്ടേഷന്‍ അടിസ്ഥാനത്തിലാണ് വേശ്യാലയങ്ങളില്‍ ജോലി ചെയ്യിച്ചിരുന്നതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ജര്‍മനിയില്‍ വേശ്യാവൃത്തി കുറ്റകരമല്ല. ഇവരെ അനധികൃതമായി കടത്തിക്കൊണ്ടു വന്ന് ശമ്പളമില്ലാതെ ജോലി ചെയ്യിച്ചു എന്നതാണ് കേസ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍