കുടിയേറ്റ വിഷയം: ഇറ്റാലിയൻ ഭരണമുന്നണിയിൽ പൊട്ടിത്തെറി
Tuesday, May 21, 2019 8:22 PM IST
റോം: കുടിയേറ്റം നിയന്ത്രിക്കുന്ന കാര്യത്തിൽ ഇറ്റലിയിലെ ഭരണ മുന്നണിക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ അതിരൂക്ഷമായി. ലീഗ് പ്രതിനിധിയായ ആഭ്യന്തര മന്ത്രി മാറ്റിയോ സാൽവീനി അവതരിപ്പിച്ച കുടിയേറ്റ വിരുദ്ധ പദ്ധതികളെ സഖ്യകക്ഷിയായ ഫൈവ് സ്റ്റാർ മൂവ്മെന്‍റ് പരസ്യമായി എതിർത്ത് തെരുവിലിറങ്ങി.

യൂറോപ്യൻ തെരഞ്ഞെടുപ്പിനു മുന്നോടിയായി കുടിയേറ്റ വിരുദ്ധ നിലപാട് ഉയർത്തിപ്പിടിച്ച് വോട്ട് നേടാനുള്ള ശ്രമമാണ് ലീഗ് നേതാക്കൾ നടത്തിവരുന്നത്. മേയ് 26നു നടക്കുന്ന തെരഞ്ഞെടുപ്പിനു മുൻപു തന്നെ ബിൽ പാസാക്കിയെടുക്കാനാണ് നീക്കം. ഇപ്പോഴത്തെ രൂപത്തിൽ ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് ഫൈവ് സ്റ്റാർ മൂവ്മെന്‍റ് നേതാക്കൾ തറപ്പിച്ചു പറയുകയും ചെയ്യുന്നു.

കത്തോലിക്കാ സഭയും ഐക്യരാഷ്ട്ര മനുഷ്യാവകാശ ഏജൻസിയും സാൽവീനിയുടെ ബില്ലിനെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ