സ്നേഹദീപ്തി - പ്രളയ ദുരിതാശ്വാസ പദ്ധതി അതിജീവനത്തിന് ഒരു കൈത്തിരിവെട്ടം
Tuesday, May 21, 2019 7:40 PM IST
ന്യൂഡൽഹി: കേരളത്തിലുണ്ടായ പേമാരിയിലും പ്രളയത്തിലും തകർന്നുപോയ ഏതാനും ഭവനങ്ങൾക്കു പുനർജന്മം നൽകുവാനുള്ള സഭയുടെ ദൗത്യത്തിന് ന്യൂഡൽഹി ഹോസ്‌ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്‍റെ പിന്തുണ.

പ്രാരംഭമായി ഇടുക്കിയിലും വയനാട്ടിലും ഓരോ ഭവനങ്ങളുടെ നിർമാണം ഉടൻ ആരംഭിക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആദ്യ ഭവനത്തിന്‍റെ കല്ലിടീൽ കർമ്മം മേയ് 22ന് (ബുധൻ) രാവിലെ 11 ന് ഇടുക്കി ജില്ലയിലെ മാട്ടുക്കട്ട എന്ന സ്ഥലത്തു നടക്കും. ഇടുക്കി അച്ചൻകോവിൽ സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ . ബിജു ആൻഡ്രൂസ്, ഡൽഹി ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. അജു എബ്രഹാം എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.

റിപ്പോർട്ട്:ജോജി വഴുവാടി

ഉരുൾപൊട്ടലിൽ തകർന്നുപോയ വീടിനുപകരം അച്ചൻകോവിൽ ഇടവക വികാരിയുടെ നേതൃത്തിൽ നൽകിയ പുതിയ സ്ഥലത്താണ് 2 കിടപ്പുമുറി, ഹാൾ, മറ്റു അടിസ്ഥന സൗകര്യങ്ങൾ എന്നിവയോടുകൂടിയ ഭവനം കെട്ടിപ്പൊക്കുന്നത്.

തോട്ടത്തിൽ കൂലിപ്പണി ചെയ്തു കിട്ടുന്ന തുച്ഛമായ തുക മാത്രം ആണ് ഗൃഹനാഥന്‍റെ വരുമാനം. കൃഷിസ്ഥലം മുഴുവൻ പ്രളയത്തിൽ നശിച്ചു. രോഗിയായ മൂത്ത മകനും പ്രായമായ അമ്മയും അടങ്ങുന്ന കുടുംബത്തിന് താമസയോഗ്യമായ ഭവനം എന്ന സ്വപ്നം ആണ് ഹോസ്‌ഖാസ് കത്തീഡ്രൽ യുവജനപ്രസ്ഥാനം പൂർത്തീകരിക്കാൻ ശ്രമിക്കുന്നത്.