പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ സമയക്രമം നല്‍കാമെന്ന് തെരേസ മേ
Sunday, May 19, 2019 4:24 PM IST
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള സമയക്രമം നല്‍കണമെന്ന ആവശ്യം തെരേസ മേ അംഗീകരിച്ചു. ജൂണ്‍ ആദ്യ വാരം ബ്രെക്‌സിറ്റ് പിന്‍മാറ്റ കരാര്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ അടുത്ത വോട്ടെടുപ്പ് നടക്കും. ഇതിനു ശേഷമായിരിക്കും രാജ്യത്തിന്റെ നേതൃമാറ്റം.

മുതിര്‍ന്ന ടോറി എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ സമ്മതം അറിയിച്ചത്. പ്രധാനമന്ത്രി എന്നു സ്ഥാനമൊഴിയുമെന്നു നിര്‍ണയിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ചര്‍ച്ച.

ഇതിനകം മൂന്നു തവണ പാര്‍ലമെന്റ് തള്ളിയ ബ്രെക്‌സിറ്റ് കരാര്‍ ഒരിക്കല്‍ക്കൂടി നിരാകരിക്കപ്പെട്ടാല്‍ അടിയന്തരമായി രാജി പ്രഖ്യാപനം വരും.

തെരേസ സ്ഥാനമൊഴിയുമ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കു മത്സരിക്കാന്‍ താനുണ്ടാവുമെന്ന് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. നേരത്തെ സ്വന്തം എംപിമാര്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പ്രധാനമന്ത്രി അതിജീവിച്ചിരുന്നതാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍