മെൽബൺ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാൾ
Tuesday, May 7, 2019 9:05 PM IST
മെൽബൺ: സെന്‍റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാളായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ദുഖ്‌റോനോ പെരുന്നാൾ ഭക്ത്യാദരപൂർവം ആഘോഷിച്ചു. ഏപ്രിൽ 28 ന് വിശുദ്ധ കുർബാനാനന്തരം കൊടി‍യേറ്റോടെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

പ്രധാന പെരുന്നാൾ ദിനങ്ങളായ മേയ് 4ന് വൈകുന്നേരം സന്ധ്യാപ്രാർത്ഥനക്കു ശേഷം വചനശുശ്രൂഷയും ഗീവർഗീസ് സഹദായെക്കുറിച്ചുള്ള ലഘുനാടകവും തുടർന്നു പ്രദക്ഷിണവും കരിമരുന്നു കലാപ്രകടനവും സ്‌നേഹവിരുന്നും നടന്നു.

അഞ്ചിന് ഫാ. വർഗീസ് പാലയിലിന്‍റെ മുഖ്യ കാർമികത്വത്തിൽ, ഫാ. എൽദോ വലിയപറമ്പിൽ, റവ. ഡോ. ഡെന്നിസ് കൊളശേരിൽ എന്നിവർ സഹ ശുശ്രൂഷകരായി വി. മൂന്നിന്മേൽ കുർബാനയും വിവിധ മേഘലകളിലുള്ളവരെ അനുമോദിക്കുന്ന ചടങ്ങും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള പ്രദക്ഷിണവും മഹാലേലവും നാടന്‍ വിഭവങ്ങളോടുകൂടിയ നേർച്ചവിളമ്പും നടന്നു. വൈകുന്നേരം കൊടിയിറക്കത്തോടെ പെരുന്നാൾ സമാപിച്ചു.

പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി ഫാ. ബിജോ വർഗീസ്, സെക്രട്ടറി എബ്രഹാം കൊളശേരിൽ, ട്രഷറർ ബിജു ചെറിയാൻ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്:എബി പൊയ്കാട്ടിൽ