നോട്രഡാം പള്ളി അഞ്ച് വര്‍ഷത്തിനുള്ളില്‍ പുനര്‍നിര്‍മിക്കും: മാക്രോണ്‍
Thursday, April 18, 2019 12:40 AM IST
പാരീസ്: തീപിടിത്തമുണ്ടായ ലോക പ്രശസ്തമായ നോട്രഡാമിലെ പള്ളി അഞ്ച് വര്‍ഷത്തിനുള്ളില്‍ പുനര്‍നിര്‍മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ പ്രഖ്യാപനം. 850 വര്‍ഷം പഴക്കമുള്ള പള്ളിയുടെ ഗോപുരവും മേല്‍ക്കൂരയുമാണ് തീപിടിത്തത്തില്‍ പ്രധാനമായും നശിച്ചത്.

''പഴയതിനെക്കാള്‍ മനോഹരമായ രീതിയില്‍ പള്ളി പുനര്‍നിര്‍മിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ അതു പൂര്‍ത്തിയാക്കണമെന്നാണ് എന്‍റെ ആവശ്യം'', തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേ മാക്രോണ്‍ വ്യക്തമാക്കി. നമുക്കതു ചെയ്യാന്‍ സാധിക്കും. എന്നാല്‍, തിടുക്കത്തിന്‍റെ അപകടങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

രാജ്യത്തെ ഐക്യപ്പെടുത്താന്‍ സാധിക്കുന്ന ഒരു പ്രതീകമാണ് കത്തി നശിച്ചത്. ഫ്രാന്‍സിന്‍റെ ചരിത്രത്തില്‍ പല പട്ടണങ്ങളും തുറമുഖങ്ങളും പള്ളികളും അഗ്നിക്കിരയാകുന്നതു കണ്ടുണ്ട്. അവയെല്ലാം തന്നെ നമ്മള്‍ പുനര്‍നിര്‍മിച്ചിട്ടുമുണ്ട്. ചരിത്രത്തിന്‍റെ ചാക്രികത അവസാനിക്കാത്തതാണെന്നും ഓരോ വട്ടവും നമുക്ക് പരീക്ഷണങ്ങളെ അതിജീവിക്കേണ്ടതുണ്‌ടെന്നുമാണ് നോട്രഡാം ഓര്‍മിപ്പിക്കുന്നതെന്നും മാക്രോണ്‍ കൂട്ടിചേർത്തു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍