സജി മതുപുറത്ത് വിയന്ന ലേബർ ചേംബർ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയാകും
Friday, March 22, 2019 10:09 PM IST
വിയന്ന: ആര്‍ബൈതര്‍ കാമര്‍ (ലേബര്‍ ചേംബർ) തെരഞ്ഞെടുപ്പില്‍ സജി മതുപുറത്ത് മത്സരിക്കും. തെരഞ്ഞെടുപ്പിലെ ഏക മലയാളി സാന്നിധ്യം കൂടിയാണ് സജി. തൊഴിലാളികള്‍ക്കുവേണ്ടി മാത്രം നടത്തുന്ന തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള മലയാളികള്‍ അവരുടെ സമ്മതിദാനാവകാശം കൃത്യമായി പ്രയോജനപ്പെടുത്തണമെന്ന് സജി അഭ്യര്‍ഥിച്ചു.

എഫ്എസ്ജി സ്ഥാനാര്‍ഥി റെനാറ്റെ ആന്‍ഡെര്‍ളിനു നല്‍കുന്ന വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയിലെ മറ്റു സ്ഥാനാര്‍ഥികളുടെ വിജയവും തീരുമാനിക്കുന്നത്. തൊഴിലാളികളുടെ നീതിയുടെ ശബ്ദത്തിന് കൂടുതല്‍ പ്രാമുഖ്യം നല്കാന്‍ അഭ്യര്‍ഥിച്ചാണ് ലേബര്‍ ചേംബർ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്.

മാർച്ച് 20 നു തുടങ്ങി ഏപ്രിൽ 2 വരെയുള്ള തീയതികളില്‍ വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഓരോരുത്തരും ജോലി ചെയ്യുന്ന സ്ഥാപങ്ങളില്‍ തന്നെ വോട്ടിംഗിനുള്ള സംവിധാനം ആര്‍ബൈതര്‍ കാമര്‍ ഒരുക്കിയിട്ടുണ്ട്. പബ്ലിക് പോളിംഗ് സ്റ്റേഷനുകളിലും വോട്ട് ചെയ്യാവുന്നതാണ്. ഇതിനോടകം തന്നെ വിയന്നയില്‍ വോട്ടവകാശമുള്ള എല്ലാവര്‍ക്കും വോട്ടിംഗ് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കത്ത് ലഭിച്ചുതുടങ്ങിയിട്ടുണ്ട്.. വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അതില്‍ ലഭിക്കും. കത്ത് ലഭിച്ചിട്ടില്ലാത്തവര്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി പൊതു ബൂത്തുകളില്‍ ചെന്നാലും മതിയാകും.

‘തൊഴിലാളികളുടെ പാര്‍ലമെന്‍റ് എന്ന് വിശേഷിപ്പിക്കുന്ന ആര്‍ബൈതര്‍ കാമര്‍ തെരഞ്ഞെടുപ്പ് എല്ലാ 5 വര്‍ഷം കൂടുമ്പോഴാണ് നടക്കുന്നത്. ഓസ്ട്രിയയില്‍ ജോലിചെയ്യുന്നവരുടെ സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കാനും തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയും നിലകൊള്ളുന്ന പ്രസ്ഥാനമാണ് ആര്‍ബൈതര്‍ കാമര്‍. തെരഞ്ഞെടുപ്പ് വിശദാംശങ്ങള്‍ക്ക് വിയന്നയിലുള്ളവര്‍ 501570 എന്ന ഹോട്ട് ലൈന്‍ ഉപയോഗിക്കുക.

വിവരങ്ങള്‍ക്ക് : സജി മതുപുറത്ത് 069919082976

റിപ്പോർട്ട്: ജോബി ആന്‍റണി