യൂറോപ്യൻ രാജ്യങ്ങളിലേക്ക് അഭയാർഥികളെ നാടുകടത്താൻ ജർമനിക്ക് അനുമതി
Wednesday, March 20, 2019 10:11 PM IST
ബർലിൻ: അഭയാർഥികളെ ഇതര യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കു നാടുകടത്തുന്നതിന് യൂറോപ്യൻ കോടതി ജർമനിക്ക് അനുമതി നൽകി.

വടക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് തെക്കൻ യൂറോപ്യൻ രാജ്യങ്ങളിലേക്ക് അഭയാർഥികളെ നാടുകടത്തുന്നത് ഏറെക്കാലമായി വിവാദ വിഷയമാണ്. എന്നാൽ, മ്യൂച്ച്വൽ ട്രസ്റ്റ് പ്രിൻസിപ്പിൾ പ്രകാരം ഇതു സാധൂകരിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.

ആദ്യം ഇറ്റലിയിലും പിന്നീട് ജർമനിയിലും അഭയാർഥിത്വ അപേക്ഷ നൽകിയ ഗാംബിയൻ പൗരന്‍റെ കേസിലാണ് സുപ്രധാന വിധി. നിലവിൽ ജർമനിയിലുള്ള ഇയാളെ ഇറ്റലിയിലേക്ക് നാടുകടത്താവുന്നതാണെന്നാണ് കോടതിയുടെ തീർപ്പ്.

ഇറ്റലിയിൽ സൗകര്യങ്ങൾ കുറവാണെന്നും അവിടത്തെ അഭയാർഥിത്വ നടപടിക്രമങ്ങളിൽ പാളിച്ചകളുണ്ടെന്നുമാണ് ഗാംബിയക്കാരൻ വാദിച്ചത്. തന്നെ അവിടേക്കു നാടുകടത്തുന്നത് ദാരിദ്യ്രത്തിനും വീടില്ലാത്ത അവസ്ഥയ്ക്കും സമൂഹത്തിലെ പാർശ്വവത്കരണത്തിനും ഇടയാക്കുമെന്നും ഇയാൾ പറഞ്ഞു. എന്നാൽ, ഈ വാദങ്ങൾ യൂറോപ്യൻ യൂണിയൻ ചട്ടങ്ങൾ പ്രകാരം സ്വീകരിക്കാൻ കഴിയില്ലെന്നാണ് കോടതി വിധിച്ചത്.

യൂറോപ്യൻ യൂണിയനിൽ ആദ്യം പ്രവേശിച്ച രാജ്യത്തു തന്നെയാവണം അഭയാർഥിത്വത്തിന് അപേക്ഷ നൽകേണ്ടതെന്നും അല്ലാത്തപക്ഷം അവിടേക്ക് നാടുകടത്താവുന്നതാണെന്നും നിർദേശിക്കുന്ന ഡബ്ലിൻ ട്രീറ്റിയും നിലവിലുള്ളതാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ