ജർമനിയിൽ ഫ്ളൈറ്റ് ടാക്സി യാഥാർഥ്യമാകുന്നു; പറക്കുന്നത് പൈലറ്റില്ലാതെ
Tuesday, March 19, 2019 10:56 PM IST
ബർലിൻ: സിനിമകളിലോ നോവലുകളിലോ മാത്രം കണ്ടിട്ടുള്ള ഫ്ളൈറ്റ് ടാക്സികൾ ജർമനിയിൽ വൈകാതെ യാഥാർഥ്യമാകും. പൈലറ്റില്ലാതെ പറക്കുന്ന, നാല് റോട്ടോറുകളുള്ള മോഡലുകളുടെ പരീക്ഷണം പൂർത്തിയാവുന്നു. ഇതിന്‍റെ പ്രഥമ പ്രദർശനം ജർമൻ ഗതാഗത മന്ത്രി അന്ത്രയാസ് ഷൊയറിന്‍റെ സാന്നിദ്ധ്യത്തിൽ ബർലിനിൽ നടന്നു.

പ്രമുഖ വാഹന നിർമാണ കന്പനിയായ ഓഡിയുടെ സഹകരണത്തോടെ ബർലിനിൽ എയർബസിന്‍റെ കീഴിലാണ് ഗവേഷണ പരീക്ഷണങ്ങൾ നടക്കുന്നത്. സിറ്റി എയർബസ് എന്നാണ് പ്രോട്ടോടൈപ്പിനു നൽകിയിരിക്കുന്ന പേര്. നാല് പേർക്കുവരെ സുഖമായി ഇതിൽ യാത്ര ചെയ്യാൻ സാധിക്കും. ബാറ്ററികൾ സജ്ജമാക്കിയാണ് പറക്കൽ.

നിലവിൽ ജനവാസ പ്രദേശങ്ങളിലൂടെ പറക്കാൻ ഇത്തരം സംവിധാനങ്ങൾക്ക് രാജ്യത്ത് അനുമതിയില്ല. 2025ൽ ഇവ പൂർണ സജ്ജമാകുന്നതോടെ സർവീസിന് ആവശ്യമായ നിയമ ഭേദഗതികൾ വരുത്തും.സാധാരണ വ്യോമ ഗതാഗതത്തിനു തടസമാകാത്ത രീതിയിൽ ഇതിനുള്ള റൂട്ടുകളും നിശ്ചയിക്കേണ്ടിവരും. ഈ എയർ ടാക്സിക്ക് മുന്നൂറ് കിലോ മീറ്റർ വരെ വേഗതയുണ്ടാവുമെന്ന് മന്ത്രി ഷൊയർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ