വൃക്ഷമാതാവിന്‍റെ അനുഗ്രഹം ഏറ്റുവാങ്ങി രാഷ്ട്രപതി
Monday, March 18, 2019 11:21 PM IST
ബംഗളൂരു/ന്യൂഡൽഹി: രാഷ്ട്രപതിഭവന്‍റെ കടുത്ത ഒരു പ്രോട്ടോക്കോളും തടസമായിരുന്നില്ല സാലുമാരദ തിമ്മക്ക എന്ന 106കാരിക്ക്. ചുക്കിച്ചുളിഞ്ഞ ആ കൈകൾ അവർ പ്രഥമപൗരന്‍റെ നെറുകയിൽ വച്ചു. ആയിരക്കണക്കിന് വൃക്ഷക്കുഞ്ഞുങ്ങൾക്ക് ജന്മംനല്കിയ ആ വൃദ്ധമാതാവിന്‍റെ അനുഗ്രഹം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏറ്റുവാങ്ങിയപ്പോൾ അതിന് സാക്ഷിയായി കൈയടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉണ്ടായിരുന്നു.

രാഷ്ട്രപതി ഭവനിൽ ഇന്നലെ പത്മശ്രീ പുരസ്കാരം വാങ്ങാനാണ് തിമ്മക്ക എത്തിയത്. പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷമാണ് അവർ അദ്ദേഹത്തിന്‍റെ നെറുകയിൽ കൈവച്ച് അനുഗ്രഹിച്ചത്. സദസ് നിറകൈയടിയോടെയാണ് ഇതിനെ സ്വീകരിച്ചത്.

കർണാടകയിലെ ഹുളികൽ ഗ്രാമത്തിൽ ജനിച്ച തിമ്മക്ക വൃക്ഷമാതാവ് എന്ന പേരിലാണ് പ്രശസ്തി നേടിയത്. നാല്പതാം വയസിൽ തനിക്ക് അമ്മയാകാനാകില്ലെന്ന ദുഃഖത്തിൽ ജീവനൊടുക്കാൻ ഒരുങ്ങിയ തിമ്മക്കയെ ഭർത്താവാണ് ആത്മവിശ്വാസം നല്കി തിരികെക്കൊണ്ടുവന്നത്. അങ്ങനെ മക്കൾക്ക് പകരം മരങ്ങൾ നട്ടുവളർത്തി അതിൽ അത്മനിർവൃതി കണ്ടെത്തിയ തിമ്മക്ക 65 വർഷത്തിനിടെ 8,000 വൃക്ഷങ്ങളാണ് നട്ടുവളർത്തിയത്. ഇതിൽ 400 എണ്ണം ആൽമരങ്ങളാണ്. പരിസ്ഥിതിയോടുള്ള ഈ സ്നേഹമാണ് തിമ്മക്കയെ പത്മശ്രീ വരെ എത്തിച്ചത്.