ജർമനിയിലെ രണ്ടു ഭീമൻ ബാങ്കുകൾ ലയിക്കുന്നു
Monday, March 18, 2019 10:44 PM IST
ബർലിൻ: ജർമനിയിലെ ഏറ്റവും വലിയ രണ്ട് ബാങ്കുകളായ ഡോയ്റ്റ്ഷെ ബാങ്കും കൊമേഴ്സ് ബാങ്കും തമ്മിൽ ലയിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. അനൗപചാരിക ചർച്ചകൾ പൂർത്തിയാക്കി ഒൗദ്യോഗിക ചർച്ചകളിലേക്കു കടന്നിട്ടുണ്ട്.

രണ്ടു ബാങ്കുകളും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഒരുമിച്ചു നിന്നു പ്രവർത്തിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഏതാനും മാസങ്ങളായി സജീവമാണ്. ലയനം വഴി വലിയ തോതിൽ ചെലവ് ചുരുക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. ബ്രാഞ്ചുകൾ അടച്ചുപൂട്ടുന്നതു വഴിയാണ് ഏറ്റവും കൂടുതൽ ചെലവ് കുറയുക.

അതേസമയം, ഇത്തരം തന്ത്രമാണ് സ്വീകരിക്കുന്നതെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുമെന്നും വലിയ തോതിൽ തൊഴിൽ നഷ്ടത്തിനു കാരണമാകുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

കൊമേഴ്സ് ബാങ്കിൽ 15 ശതമാനം ഓഹരിയുള്ള ജർമൻ സർക്കാർ ലയന നീക്കത്തെ അനുകൂലിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ലയിച്ചു കഴിഞ്ഞാൽ ജർമൻ ഹൈ സ്ട്രീറ്റ് ബാങ്ക് ബിസിനസിലെ അഞ്ചിലൊന്ന് ഇവരുടേതാകും. 1.8 ട്രില്യൺ വരും ഇത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ