മാന്യമായ വിട്ടുവീഴ്ചയ്ക്ക് ആഹ്വാനം ചെയ്ത് തെരേസ മേ
Monday, March 18, 2019 10:19 PM IST
ലണ്ടൻ: ബ്രെക്സിറ്റ് വിഷയത്തിൽ മാന്യമായ വിട്ടുവീഴ്ചകൾക്കു തയാറാകണമെന്ന് എംപിമാരോട് പ്രധാനമന്ത്രി തെരേസ മേയുടെ ആഹ്വാനം. ബ്രെക്സിറ്റ് പിൻമാറ്റ കരാർ മൂന്നാം വട്ടവും പാർലമെന്‍റിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് സണ്‍ഡേ ടെലിഗ്രാഫിൽ എഴുതിയ ലേഖനത്തിൽ ഇത്തരമൊരു ആഹ്വാനം.

ആദ്യം തള്ളിയ പിൻമാറ്റ കരാർ ഭേദഗതി ചെയ്ത് രണ്ടാമത് അവതരിപ്പിച്ചിട്ടും വിജയിപ്പിക്കാനായിരുന്നില്ല. തുടർന്ന്, കരാറില്ലാത്ത ബ്രെക്സിറ്റും വേണ്ടെന്നും വിധിയെഴുതിയ എംപിമാർ, ബ്രെക്സിറ്റ് നീട്ടി വയ്ക്കാനുള്ള പ്രമേയം മാത്രമാണ് അംഗീകരിച്ചിട്ടുള്ളത്.

അതേസമയം, തെരേസയുടെ കരാർ അംഗീകരിക്കാത്ത പക്ഷം കരാറില്ലാത്ത ബ്രെക്സിറ്റ്, അല്ലെങ്കിൽ ബ്രെക്സിറ്റ് വേണ്ടെന്നു വയ്ക്കൽ മാത്രം വഴികളായി ശേഷിക്കുന്ന സാഹചര്യത്തിൽ കൂടുതൽ എംപിമാർ ഇക്കുറി കരാർ അംഗീകരിക്കുമെന്നാണ് കണക്കാക്കുന്നത്. ബ്രെക്സിറ്റ് കരാറിന്‍റെ പേരിൽ മന്ത്രിസഭയിൽ നിന്നു രാജിവച്ച എസ്തർ മക്വേയെപ്പോലുള്ള എംപിമാർ, ഗത്യന്തരമില്ലാത്തതിനാൽ കരാറിനെ അനുകൂലിക്കുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ രണ്ടുവട്ടവും കരാറിനെ എതിർത്ത് വോട്ട് ചെയ്ത എംപിയാണ് എസ്തർ.

മുൻ ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് അടക്കം പതിനഞ്ച് എംപിമാർ ഒപ്പുവച്ച കത്തിലും കരാറിനെ പിന്തുണച്ച് വോട്ട് ചെയ്യാനുള്ള ആഹ്വാനമാണുള്ളത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ