ഫ്രാൻസിൽ യെല്ലോ വെസ്റ്റ് പ്രക്ഷോഭം കലുഷിതമാകുന്നു
Monday, March 18, 2019 10:16 PM IST
പാരീസ്: ഫ്രാൻസിൽ തുടരുന്ന യെല്ലോ വെസ്റ്റ് പ്രതിഷേധം കലാപകലുഷിതമായി മാറുന്നു. ഇന്ധനവില വർധനയിൽ ആരംഭിച്ച മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭം ആവശ്യം അംഗീകരിക്കപ്പെട്ടിട്ടും മറ്റു വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് തുടർന്നു പോരുന്നത്.

വാഹനങ്ങൾ അടിച്ചുതകർത്തും കടകൾ കൊള്ളയടിച്ചും സമരക്കാർ തെരുവുകൾ കൈയടക്കിയതോടെ ജനങ്ങൾ സർക്കാരിനെതിരേ തിരിഞ്ഞിരിക്കുകയാണ്. സമരക്കാരെ നേരിടുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷ ആരോപണം. സർക്കാർ രാജിവയ്ക്കണമെന്ന് മഞ്ഞക്കുപ്പായക്കാരും ആവശ്യപ്പെടുന്നു.

ശനിയാഴ്ച പാരീസ് നഗരത്തിൽ നടത്തിയ പ്രക്ഷോഭത്തിനിടെ എണ്‍പതോളം കടകളും സ്ഥാപനങ്ങളുമാണ് മഞ്ഞക്കുപ്പായക്കാർ ആക്രമിച്ചത്. ഇതിൽ പലതും കൊള്ളയടിക്കപ്പെടുകയുംചെയ്തു. രാജ്യം ഇന്നേവരെ കാണാത്ത അക്രമസംഭവങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നതെന്നും ഇതിന് സർക്കാർ വിശദീകരണം നൽകണമെന്നും പാരീസിലെ സോഷ്യലിസ്റ്റ് മേയർ ആൻ ഹിഡാൽഗോ ആവശ്യപ്പെട്ടു.

ശനിയാഴ്ചത്തെ സംഭവത്തെത്തുടർന്ന് പാരീസിൽ ഇരുനൂറോളംപേർ അറസ്റ്റിലായി. നേരത്തേ 237 പേരും ഇവിടെ അറസ്റ്റിലായിരുന്നു. നവംബർ 18-നാണ് പ്രസിഡന്‍റ് എമ്മാനുവൽ മക്രോണിനെതിരേ മഞ്ഞക്കുപ്പായക്കാർ തെരുവിലിറങ്ങിയത്. കൃത്യമായ നേതൃത്വമില്ലാതെ ആരംഭിച്ച പ്രക്ഷോഭത്തിൽ തീവ്ര വലതുപക്ഷഗ്രൂപ്പുകളും ക്രിമിനൽസംഘടനകളും നുഴഞ്ഞുകയറുകയായിരുന്നുവെന്നാണ് സർക്കാർ പറയുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ