അർണോസ് പാതിരി ഡോക്കുമെന്‍ററി പ്രദർശനം മാർച്ച് 17 ന്
Saturday, March 16, 2019 9:31 PM IST
തൃശൂർ : മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഒട്ടേറെ സംഭാവനകൾ നൽകുകയും സംസ്കൃതത്തെ യൂറോപ്പിന് പരിചയപ്പെടുത്തുകയും ചെയ്ത അർണോസ് പാതിരിയുടെ വേരുകൾ തേടി ജന്മനാടായ ജർമനിയിൽ ചിത്രീകരിച്ച ഡോക്യുമെന്‍ററി സിനിമ ’ഓസ്റ്റർ കാപ്ളിനിലെ വെളിച്ചം’ മൂന്ന് നൂറ്റാണ്ട് മുൻപ് അർണോസ് പാതിരി പണി കഴിപ്പിച്ച വേലൂർ സെന്‍റ്
ഫ്രാൻസിസ് സേവ്യർ പള്ളി അങ്കണത്തിൽ മാർച്ച് 17 ന് (ഞായർ) വൈകുന്നേരം 6.30 ന് നടക്കും.

ഒരേ സമയം മലയാളത്തിലും ജർമൻ ഭാഷയിലും തയാറാക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യപ്രദർശനമാണിത്. മാധ്യമ പ്രവർത്തനായ രാജു റാഫേലാണ് ചിത്രത്തിന്‍റെ സംവിധായകൻ.

1688 ൽ 18 വയസ് പ്രായമുള്ളപ്പോൾ ജന്മനാടായ ജർമനിയിൽ നിന്ന് മിഷനറി പ്രവർത്തനത്തിനായി ഇന്ത്യയിലേക്ക് പുറപ്പെട്ട് കേരളത്തിൽ ജീവിച്ച് മരിച്ച കവിയും സംസ്കൃത പണ്ഡിതനുമായ ജോണ്‍ ഏണ്‍സ്റ്റ് ഹാൻസ്സ്ലേടൻ എന്ന അർണോസ് പാതിരിയുടെ പൂർവാശ്രമത്തിലെ
വേരുകൾ തേടി ലക്സംബർഗ് യൂണിവേഴ്സിറ്റിയിലെ ചരിത്ര ഗവേഷകനായ
ഡോ.ജീൻ ക്ളോഡ് മുള്ളറുടെ നേതൃത്വത്തിൽ ഒരു സംഘം ചരിത്രാനേഷികൾ
രണ്ടു വർഷത്തോളം ജർമനിയിൽ നടത്തിയ അന്വേഷണത്തിന്‍റെ ദൃശ്യാവിഷ്കാരമാണ് ഓസ്റ്റർ കാപ്ളിനിലെ വെളിച്ചം.

ഡോക്കുമെന്‍ററി സംവിധായകനായ രാജു റാഫേലും ബർലിനിൽ താമസിക്കുന്ന പ്രവാസി മലയാളി ഡേവിസ് തെക്കുംതലയും ഈ അന്വേഷണ സംഘത്തിൽ അംഗങ്ങളായിരുന്നു. ഡേവിസ്
തെക്കുംതലയും ദിനേഷ് കല്ലറയ്ക്കലും ചേർന്നാണ് തിരുവനന്തപുരത്തെ ഗോയ്ഥ
സെന്‍ററിന്‍റെ സഹകരണത്തോടെ ചിത്രം നിർമിച്ചിരിക്കുന്നത്.

അർണോസ് പാതിരി ജനിച്ച ജർമനിയിലെ ഓസ്റ്റർകാപ്ളിൻ ഗ്രാമത്തിലെ ഭവനം, മാമ്മോദീസ സ്വീകരിച്ച ഓസ്റ്റർകാപ്ളിനിലെ സെന്‍റ് ലാബ്രട്ടസ് പള്ളി, സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒസ്നാബ്രുക്ക് പട്ടണത്തിലെ കരോലിനം സ്കൂൾ, ഹാൻസ്സ്ലേടൻ കുടുംബത്തിന്‍റെ കല്ലറ
തുടങ്ങിയ അർണോസ് പാതിരിയുടെ പൂർവാശ്രമ ജീവിതത്തിലേക്ക് വെളിച്ചം
വീശുന്ന ഒട്ടേറെ ചരിത്ര വസ്തുതകൾ കണ്ടെത്താനും ചിത്രീകരിക്കാനും അന്വേഷണ
സംഘത്തിന് കഴിഞ്ഞു. ഈ അന്വേഷണത്തിന്‍റെ പ്രസക്തഭാഗങ്ങൾ ഉൾക്കൊളളിച്ചുകൊണ്ടാണ് ഓസ്റ്റർ കാപ്ളിനിലെ വെളിച്ചം തയാറാക്കിയിക്കുന്നത്.

ജർമൻ, ഇംഗ്ളീഷ്, മലയാളം ഭാഷകളിലായി ചിത്രീകരിച്ചിരിക്കുന്ന (shooting languages) ഓസ്റ്റർ കാപ്ളിനിലെ വെളിച്ചത്തിൽ അർണോസ് പാതിരി സംസ്കൃതം അഭ്യസിച്ച തൃശൂരിലെ തെക്കെ
മഠം, പ്രേഷിത പ്രവർത്തനം നടത്തിയ വേലൂർ, അന്ത്യകാലഘട്ടം കഴിച്ച പഴുവിൽ പള്ളി എന്നിവയും ഉൾക്കൊള്ളിച്ചിരിക്കുന്നു. സംവിധായകനും മാധ്യമപ്രവർത്തകനുമായ കെ.ബി.വേണുവാണ് ഓസ്റ്റർകാപ്ളിനിലെ വെളിച്ചത്തിന് ശബ്ദം നൽകിയിരിക്കുന്നത്. ഛായാഗ്രഹണം പ്രകാശ് റാണ, പശ്ചാത്തല സംഗീതം സത്യജിത്ത്.

അർണോസ് പാതിരിയുടെ ഭാഷാപരവും സാഹിത്യപരവുമായ സംഭാവനകളെ കുറിച്ച്
അന്താരാഷ്ട്ര തലത്തിൽ, പ്രത്യേകിച്ച് ജർമൻക്കാർക്ക് ഇടയിൽ അവബോധം ഉണ്ടാകണം എന്ന ഉദ്ദേശത്തോടെയാണ് സിനിമ ഒരേ സമയം മലയാളത്തിലും ജർമൻ ഭാഷയിലും നിർമിച്ചതെന്ന് സംവിധായകനായ രാജു റാഫേൽ പറഞ്ഞു. ജർമനിയിലെ കൊളോണിലെ കാമിയോ സ്റ്റൂഡിയോയിലാണ് ജർമൻ എഡിഷന്‍റെ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയത്. ജർമൻ പരിഭാഷ ബർലിൻ മലയാളിയായ ഡെന്നിസ് ഡേവിസ് നിർവഹിച്ചു. അർണോസ്
പാതിരിയുടെ ജന്മദേശമായ ഓസ്റ്റർകാപ്ളിനിൽ ജൂണിൽ ജർമൻ ചിത്രത്തിന്‍റെ ആദ്യപ്രദർശനം നടക്കും. ഓസ്റ്റർ കാപ്ളിൻ മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഇതിനായി ഓസ്റ്റർകാപ്ളിൽ മേയർ റെയ്നർ എല്ലർമാനുമായി
ധാരണയിലെത്തിയിട്ടുണ്ടെന്ന് നിർമാതാവായ ഡേവിസ് തെക്കുംതല പറഞ്ഞു.
തുടർന്ന് ചിത്രം അർണോസ് പാതിരിയുടെ വിദ്യാലയമായ ഓസ്നാബ്രുക്ക്
കരോലിനം ഉൾപ്പടെ ജർമനിയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ
പ്രദർശിപ്പിക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ