ചൂട് കനത്തു; ചുട്ടുപൊള്ളി നഗരം
Saturday, March 9, 2019 9:01 PM IST
ബംഗളൂരു: വേനൽച്ചൂടിൽ വലഞ്ഞ് നഗരം. ദിവസംതോറും താപനില ക്രമാതീതമായി വർധിക്കുകയാണ്. വ്യാഴാഴ്ച 37 ഡിഗ്രി സെൽഷ്യസാണ് നഗരത്തിൽ താപനില രേഖപ്പെടുത്തിയത്. നഗരത്തിലെ ശരാശരി താപനില 32 മുതൽ 34 ഡിഗ്രി സെൽ‌ഷ്യസ് വരെയാണ്. വരും ദിവസങ്ങളിൽ ഇത് 36 ഡിഗ്രി വരെ ഉയരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കുന്നത്.

ബംഗളൂരുവിൽ കഴിഞ്ഞ വർഷം മാർച്ചിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട് 34.1 ഡിഗ്രി സെൽഷ്യസാണ്. ഈ സ്ഥാനത്താണ് ഇത്തവണ 37 ഡിഗ്രി വരെയെത്തിയത്.
ഇതിനു മുമ്പ് 1996ലും 2017ലും 37നു മുകളിൽ താപനില രേഖപ്പെടുത്തിയിരുന്നു. 1996 മാർച്ച് 29ന് 37.3 ഡിഗ്രി സെൽഷ്യസും 2017 മാർച്ച് 26ന് 37.2 ഡിഗ്രി സെൽഷ്യസും നഗരത്തിൽ രേഖപ്പെടുത്തി.

ബംഗളൂരുവിൽ മാത്രമല്ല, മറ്റു ജില്ലകളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. വ്യാഴാഴ്ച മൈസൂരുവിൽ താപനില റിക്കാർഡിലെത്തിയിരുന്നു. 37.9 ഡിഗ്രി സെൽഷ്യസാണ് മൈസൂരുവിൽ രേഖപ്പെടുത്തിയത്. 1931 മാർച്ച് 30ന് രേഖപ്പെടുത്തിയ 37.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇതുവരെയുള്ള ഉയർന്ന താപനില. ബല്ലാരിയിൽ 39 ഡിഗ്രി സെൽഷ്യസും ചാമരാജനഗറിൽ 38 ഡിഗ്രിയും കാലാബുരാഗിയിൽ 37.7 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി.

അതേസമയം, ചൂടുന്നത് വേനൽക്കാലം ആരംഭിക്കുന്നതിന്‍റെ ഭാഗമായുള്ള സാധാരണ പ്രതിഭാസം മാത്രമാണെന്ന് കർണാടക സംസ്ഥാന പ്രകൃതിദുരന്ത നിവാരണ വിഭാഗം മേധാവി ജി.എസ്. ശ്രീനിവാസ റെഡ്ഡി അഭിപ്രായപ്പെട്ടു. ഇത്തവണ അന്തരീക്ഷത്തിൽ ജലാംശം പൂർണമായി ഇല്ലാതായതാണ് കടുത്ത ചൂട് അനുഭവപ്പെടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഏതാനും ദിവസങ്ങളിൽ ബംഗളൂരുവിൽ ആകാശം മേഘാവൃതമാകാനും ചെറിയ തോതിൽ മഴപെയ്യാനും സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വേനൽ ശക്തിപ്രാപിച്ചാലും നഗരത്തിൽ കുടിവെള്ള വിതരണം തടസപ്പെടില്ലെന്ന് ബിഡബ്ല്യുഎസ്എസ്ബി അറിയിച്ചു. കഴിഞ്ഞ മഴക്കാലത്ത് അണക്കെട്ടുകളിൽ ആവശ്യത്തിന് വെള്ളം ലഭിച്ചിരുന്നു. കുടിവെള്ള വിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണി നേരത്തെ പൂർത്തിയായതായും ബോർഡ് അറിയിച്ചു.

സംസ്ഥാനത്തെ 176 താലൂക്കുകളെ നേരത്തെതന്നെ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചിരുന്നു. ബംഗളൂരുവിന്‍റെ സമീപജില്ലകളിലും വടക്കൻ കർണാടകയിലും വരൾച്ച അനുഭവപ്പെടുന്നുണ്ട്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

* വേനൽക്കാലത്ത് രോഗാണുവ്യാപനം കൂടുതലാകാൻ സാധ്യതയുണ്ട്. വീട്ടിലും മുറിയിലും പരമാവധി വായുസഞ്ചാരം ഉറപ്പാക്കുക
* സൂര്യാഘാത സാധ്യത കണക്കിലെടുത്ത് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എൽക്കാതിരിക്കാൻ പരമാവധി ശ്രമിക്കുക.
* നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കൈയില്‍ കരുതുക
* പരമാവധി ശുദ്ധജലം കുടിക്കുക
* പുറത്തുനിന്നുള്ള ശീതളപാനീയങ്ങൾ ഒഴിവാക്കുക
* അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക
* ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ സ്വയംചികിത്സ പാടില്ല
* വിദ്യാർഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
* ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം