സ്വിസ് ബാങ്കിന് ഫ്രഞ്ച് കോടതി 3.7 ബില്യൺ യൂറോ പിഴ വിധിച്ചു
Thursday, February 21, 2019 9:55 PM IST
പാരീസ്: നികുതി വെട്ടിപ്പ് കേസിൽ സ്വിസ് ബാങ്ക് യുബിഎസിന് ഫ്രഞ്ച് കോടതി 3.7 ബില്യൺ യൂറോ പിഴ വിധിച്ചു. ഫ്രഞ്ച് നികുതി വകുപ്പിൽനിന്ന് ബില്യൺ കണക്കിന് യൂറോ മറച്ചു വച്ച് നികുതി ഒഴിവാക്കാൻ ഫ്രഞ്ച് ഇടപാടുകാരെ സഹായിച്ചു എന്ന കുറ്റമാണ് സ്വിസ് ബാങ്കിനു മേൽ തെളിഞ്ഞിരിക്കുന്നത്.

ഏഴു വർഷത്തെ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ വർഷമാണ് ഈ കേസിന്‍റെ വിചാരണ ആരംഭിച്ചത്. ബാങ്കിന്‍റെ പല മുൻ ജീവനക്കാരും ബാങ്കിനെതിരേ മൊഴി കൊടുത്തു.

2007ലെ ആഗോള സാന്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ ബാങ്കുകളുടെ സഹായത്തോടെ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. യുബിഎസ് മാത്രം പത്തു ബില്യൺ യൂറോയെങ്കിലും നികുതി വകുപ്പിൽ നിന്നു മറച്ചു വയ്ക്കാൻ സഹായം ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു.

യുബിഎസിന്‍റെ ഫ്രഞ്ച് സബ്സിഡയറിക്ക് മാത്രമായി മറ്റൊരു പതിനഞ്ച് മില്യൺ യൂറോയും കോടതി പിഴ വിധിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ