ബ്രെക്സിറ്റ് ; ബ്രിട്ടനിലെ ഹോണ്ട പ്ലാന്‍റ് പൂട്ടുന്നു; 16,000 പേരുടെ ജോലി പോകും
Wednesday, February 20, 2019 9:55 PM IST
ലണ്ടൻ: ബ്രിട്ടനിലെ സ്വിൻഡനിൽ പ്രവർത്തിക്കുന്ന ഹോണ്ട കാർ നിർമാണ പ്ലാന്‍റ് അടച്ചുപൂട്ടാൻ തീരുമാനിച്ചു. പ്ലാന്‍റിലുള്ള 3500 പേരുടെയും സപ്ലൈ ചെയ്നിൽ പ്രവർത്തിക്കുന്ന മറ്റൊരു 12,500 പേരുടെയും ജോലിയെ ഇതു ബാധിക്കും.

2022 ഓടെ ഘട്ടം ഘട്ടമായി പ്രവർത്തനം അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നിസാനും ലാൻഡ് റോവറും ബ്രിട്ടനിലെ പ്രവർത്തനം അവസാനിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ ഹോണ്ടയും സമാന തീരുമാനമെടുത്തത് രാജ്യത്തിനു കനത്ത തിരിച്ചടിയായാണ് കണക്കാക്കപ്പെടുന്നത്.

ബ്രെക്സിറ്റ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതും കരാറില്ലാത്ത ബ്രെക്സിറ്റിനു സാധ്യത ഏറി വരുന്നതുമാണ് പല പ്രമുഖ സ്ഥാപനങ്ങളെയും ബ്രിട്ടൻ വിട്ട് മറ്റു യൂറോപ്യൻ നഗരങ്ങളിലേക്കു മാറാൻ പ്രേരിപ്പിക്കുന്നത്. ലാൻഡ് റോവർ പ്രവർത്തനം അവസാനിപ്പിച്ചത് ബ്രിട്ടനിലെ 4500 തൊഴിലവസരങ്ങൾ ഇല്ലാതാക്കിയിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ