ഭീകരവിരുദ്ധ പോരാട്ടത്തിൽ ഇന്ത്യയും മൊറോക്കോയും സഹകരിക്കും
Wednesday, February 20, 2019 9:51 PM IST
റബാത്: ഭീകരവിരുദ്ധ പോരാട്ടത്തിൽ മൊറോക്കോയുമായുള്ള സഹകരണം ഇന്ത്യയ്ക്കു പ്രധാനമാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ത്രിരാഷ്ട്ര യൂറോപ്യൻ പര്യടനത്തിന്‍റെ ഭാഗമായി മൊറോക്കോയിൽ എത്തിയതായിരുന്നു സുഷമ.

ഒരുമിച്ചുനിന്ന് ഭീകരവാദത്തെ നേരിടുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ കരാറും ഒപ്പുവച്ചു. മൊറോക്കോയുമായുള്ള ബഹുമുഖ ബന്ധം ഇന്ത്യയ്ക്ക് സുപ്രധാനമാണെന്നും സുഷമ വ്യക്തമാക്കി.

2018 ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1.5 ബില്യൺ ഡോളറായി വളർന്നിട്ടുണ്ട്. മൊറോക്കൻ വിദേശകാര്യ മന്ത്രി നസീർ ബോറിറ്റയുമായി നടത്തിയ ചർച്ച ഫലപ്രദമായിരുന്നു എന്നും മന്ത്രി പറഞ്ഞു. തുടർന്നു യൂറോപ്യൻ സന്ദർശനത്തിന്‍റെ അവസാനഘട്ടമായ സ്പെയിനിലേയ്ക്കു യാത്രയായി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ