വെനിസ്വേലയിൽ യൂറോപ്യൻ പ്രതിനിധികൾക്ക് വിലക്ക്
Tuesday, February 19, 2019 10:49 PM IST
ബ്രസൽസ്: യൂറോപ്യൻ പാർലമെന്‍റ് അംഗങ്ങൾക്ക് വെനിസ്വേലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. രാഷ്ട്രീയ പ്രതിസന്ധി മൂർഛിച്ച വെനിസ്വേലയിലെ സ്ഥിതിഗതികൾ വിലയിരുത്താനായി എത്തിയ അംഗങ്ങളാണ് മടങ്ങിപ്പോരേണ്ടി വന്നത്.

സ്വയംപ്രഖ്യാപിത ഭരണാധികാരിയായ പ്രതിപക്ഷ നേതാവ് യുവാൻ ഗെയ്ദോക്ക് യൂറോപ്യൻ യൂനിയൻ നേരത്തേ അംഗീകാരം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഇയു പ്രതിനിധികൾ എത്തുന്നത് ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് പ്രസിഡന്‍റ് നിക്കോളാസ് മദൂറോ ആരോപിക്കുന്നത്.

തീവ്ര വലതുകക്ഷിയായ യൂറോപ്യൻ പീപ്പിൾസ് പാർട്ടി പ്രതിനിധികളായ നാലു പേരാണ് വെനിസ്വേലയിൽ ഗെയ്ദോയെ കാണാൻ എത്തിയിരുന്നത്. ഇവരുടെ പാസ്പോർട്ടുകൾ തടഞ്ഞുവച്ച അധികൃതർ നാടുവിടാനും നിർദേശിച്ചു. പ്രവേശനം നൽകില്ലെന്ന് നേരത്തേ അറിയിച്ചിരുന്നതാണെന്നും രാജ്യത്തിന്‍റെ സമാധാനാന്തരീക്ഷം തകർക്കാനാണ് നാലംഗ സംഘത്തിന്‍റെ വരവെന്നും വെനിസ്വേല വിദേശകാര്യ മന്ത്രി ജോർജ് അരീസ പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ