ആറ്റുകാൽ പൊങ്കാല ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ ഫെബ്രവുരി 20 ന്
Tuesday, February 19, 2019 8:16 PM IST
ലണ്ടൻ: ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ ഫെബ്രുവരി 20 നു (ബുധൻ) ആറ്റുകാൽ പൊങ്കാല അർപ്പിക്കും. ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ് വർക് എന്ന മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്കാരിക സംഘടനയാണ് ലണ്ടനിലെ ആറ്റുകാൽ പൊങ്കാലയ്ക്ക് നേതൃത്വം നൽകിവരുന്നത്. രാവിലെ 9 ന് പൊങ്കാല അർപ്പിക്കുവാനുള്ള പൂജാദികർമങ്ങൾ ആരംഭിക്കും.

ആയിരത്തോളം ഭഗവതി ഭക്തർ ഇത്തവണ യുകെയുടെ നാനാ ഭാഗങ്ങളിൽ നിന്നും ന്യുഹാമിലെ ശ്രീ മുരുകൻ ക്ഷേത്രത്തിൽ എത്തിച്ചേരുമെന്നാണ് സംഘാടക സമിതി കണക്കാക്കുന്നത്.

നിരവധിയായ അനുഭവ സാക്ഷ്യങ്ങൾക്കു ഓരോ വർഷവും ഈ വേദി ഉറവിടമാവുന്നു. ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ് സംഘടന) ചെയറും മുഖ്യ സംഘാടകയും സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ കൗൺസിലർ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് നാന്ദി കുറിച്ച് അഭംഗുരം നേതൃത്വം നൽകി പോരുന്നത്.

ഈസ്റ്റ്ഹാം എംപിയും മുൻ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന സ്റ്റീഫൻ ടിംസ് മുഖ്യാതിഥിയായി പങ്കു ചേരും. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് ലണ്ടൻ ബ്രെസ്റ്റ് കാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.

കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദിയായി ശ്രീ മുരുകൻ ക്ഷേത്രം ശ്രദ്ധേയമായിക്കഴിഞ്ഞു.

വിവരങ്ങൾക്ക് : ഡോ.ഓമന ഗംഗാധരൻ-07766822360

Please come and join us on 20th February from 9AM, at London Sree Murugan Temple, Browning Road/ Church Road Junction, Manor Park, London E12 6A.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചൻചിറ