സുഷമ സ്വരാജിന് ബൾഗേറിയയിൽ ഊഷ്മള സ്വീകരണം
Monday, February 18, 2019 10:08 PM IST
സോഫിയ : കേന്ദ്ര വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് ത്രിരാഷ്ട്ര സന്ദർശനത്തിന്‍റെ ഭാഗമായി
ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലെത്തി. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ വിദേശ കാര്യ മന്ത്രി ബാൽക്കൻ രാജ്യമായ ബൾഗേറിയ സന്ദർശിക്കുന്നത്.

ഫെബ്രുവരി 17 ന് സോഫിയയിൽ എത്തിയ സുഷമ സ്വരാജിനെ യും സംഘത്തെയും ബൾഗേറിയ ന്‌ വിദേശ കാര്യ മന്ത്രി ഏകറ്ററിന സഖരിവ സ്വീകരിച്ചു. ഇരുരാജ്യങ്ങളിലെയും
സമ്പദ്വ്യവസ്ഥ, കൃഷി, ആരോഗ്യം, ടൂറിസം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ അറിയിച്ചു.

ഇന്ത്യൻ സമൂഹവുമായും രാജ്യത്തെ ഫ്രണ്ട്സ് ഓഫ് ഇന്ത്യ കൂട്ടായ്മയായും മന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നിക്ഷേപം നടത്താൻ ബൾഗേറിയയിൽ താമസിക്കുന്ന ഇന്ത്യക്കാരോട് സുഷമ സ്വരാജ് അഭ്യർഥിച്ചു. ഇന്ത്യയിൽ പരമാവധി നിക്ഷേപം നടത്താൻ പറ്റിയ അവസരമാണിതെന്ന് മന്ത്രി ഇന്ത്യാക്കാരെ ഓർമ്മിപ്പിച്ചു.

മൊറോക്കോയും സ്പെയിനും ഉൾപ്പെടെ മൂന്ന് രാഷ്ട്ര പര്യടനത്തിന്‍റെ ആദ്യ പടിയായിട്ടാണ്‌ സുഷമ സ്വരാജ് ഇവിടെ എത്തിയത്.

സോഫിയായിലെ സൗത്ത് പാർക്കിൽ മഹാത്മ ഗാന്ധിയുടെ പ്രതിമക്ക് സ്മരണാഞ്ജലി അർപ്പിച്ചതിനുമുമ്പായി പ്രമുഖ ബൾഗേറിയൻ ശിൽപ്പിയായിരുന്ന ഇവാൻ റൂസിനും പുഷ്പ ചക്രം അർപിച്ചു. റൂസാണ് ഈ പ്രതിമ നിർമിച്ചത്.

കഴിഞ്ഞ വർഷം ഇവിടം സന്ദർശിച്ച പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് ആണ് ഈ പ്രതിമ ഉദ്ഘാടനം ചെയ്തത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ