കുമാരപർവതയിൽ‌ ട്രക്കിംഗിന് നിരോധനം
Saturday, February 9, 2019 6:50 PM IST
ബംഗളൂരു: കാട്ടുതീ സാധ്യത കണക്കിലെടുത്ത് കുടകിലെ പുഷ്പഗിരി കുമാരപർവതയിൽ ട്രക്കിംഗിന് നിരോധനം ഏർപ്പെടുത്തി. മഴക്കാലം വരെയാണ് നിരോധനം. വരൾച്ചയെത്തുടർന്ന് പുഷ്പഗിരിയിൽ പുൽമേടുകളും മരങ്ങളും ഉണങ്ങിയ അവസ്ഥയിലാണെന്നും കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുഷ്പഗിരി റേഞ്ച് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നല്കിയിട്ടുണ്ട്. വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും നിർദേശം നല്കി. നിരോധനം ലംഘിച്ച് അനുമതിയില്ലാതെ വനമേഖലയിലേക്ക് പ്രവേശിച്ചാൽ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കുമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

കുടകിലെ പ്രധാന ട്രക്കിംഗ് സങ്കേതമായ കുമാരപർവതയിൽ ദിവസേന സംസ്ഥാനത്തുനിന്നും അയൽസംസ്ഥാനങ്ങളിൽ നിന്നുമായി നിരവധി സഞ്ചാരികളാണ് എത്തുന്നത്. എന്നാൽ വരൾച്ച രൂക്ഷമായത് ട്രക്കിംഗിന് ഭീഷണിയാണ്. കഴിഞ്ഞ വർഷം തമിഴ്നാട്ടിലെ കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയിൽപെട്ട് ട്രക്കിംഗ് സംഘത്തിലെ 22 പേർ മരിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഒരുമാസം നേരത്തെ തന്നെ നിരോധനം ഏർപ്പെടുത്താൻ വനംവകുപ്പ് തീരുമാനിച്ചത്.