തെരഞ്ഞെടുപ്പ് ഇടപെടൽ ഒഴിവാക്കാൻ ഫെയ്സ്ബുക്ക് ജർമൻ സർക്കാരുമായി ചേർന്നു പ്രവർത്തിക്കും
Monday, January 21, 2019 9:30 PM IST
ബർലിൻ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും മറ്റും സംഭവിച്ചതു പോലെ ഫെയ്സ്ബുക്കിലൂടെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജർമൻ സർക്കാരുമായി യോജിച്ചു പ്രവർത്തിക്കാൻ ഫെയ്സ്ബുക്ക് തീരുമാനിച്ചു.

ഇത്തരം സ്വാധീനങ്ങൾ ഒഴിവാക്കുക എന്ന നയം യൂറോപ്പിലാകമാനം നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഫെയ്സ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ഷെറിൽ സാൻഡ്ബെർഗ് വ്യക്തമാക്കി.

2017ൽ ജർമനിയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഫെയ്സ്ബുക്കും സർക്കാരുമായി യോജിച്ച് പ്രവർത്തനം നടത്തിയിരുന്നു. ഇതിന്‍റെ തുടർ പ്രവർത്തനം എന്ന നിലയിലാണ് യൂറോപ്പിലാകമാനം പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

ഇതെക്കുറിച്ച് ജർമൻ സർക്കാർ വൃത്തങ്ങൾ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചില ഗവേഷണ സ്ഥാപനങ്ങളെ കൂടി പദ്ധതിയിൽ സഹകരിപ്പിക്കുമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചിരുന്നെങ്കിലും ഏതൊക്കെ സ്ഥാപനങ്ങളാണെന്ന വിവരവും പുറത്തുവിട്ടിട്ടില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ