അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ച യുക്മ ഫാമിലി ഫെസ്റ്റിന് ഉജ്ജ്വല സമാപനം
Monday, January 21, 2019 9:13 PM IST
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ വിഥിൻഷോയിലെ ഫോറം സെന്‍ററിൽ മലയാളികൾ ഇതുവരെ സംഘടിപ്പിച്ചതിൽ ഏറ്റവും വലിയ പരിപാടിയായി മാറിയ യുക്മ ഫാമിലി ഫെസ്റ്റിന്‍റെ സംഘാടക മികവിന് കാണികളിൽ നിന്നും അഭിനന്ദന പ്രവാഹം.

രഞ്ജിത്ത് ഗണേഷ്, ജിക്സി എന്നിവർ ചേർന്ന് ആലപിച്ച പ്രാർഥനാ ഗാനത്തോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനം യുക്മ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യുക്മ ഫാമിലി ഫെസ്റ്റ് ജനറൽ കൺവീനററും യുക്മ ട്രഷററുമായ അലക്സ് വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ യുക്മ സെക്രട്ടറി റോജിമോൻ വറുഗീസ് സ്വാഗതം ആശംസിച്ചു. യുക്മ നോർത്ത് വെസ്റ്റ് റീജൺ സെക്രട്ടറി ഷീജോ വർഗീസ് നന്ദി പറഞ്ഞു.

യുക്മ ദേശീയ റീജണൽ ഭാരവാഹികളും പ്രധാന സ്പോൺസർമാരും യുക്മ ഫെസ്റ്റിന്‍റെ വേദിയിയിൽ നിറസാന്നിധ്യമായി. അശ്വിൻ, റിയാ രഞ്ജിത്ത് എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു. ഡോ. ദീപാ ജേക്കബ്, സിന്ധു ഉണ്ണി എന്നിവർ പരിപാടികൾ ക്രമീകരിച്ചു.

ഡിജിറ്റൽ സാങ്കേതിവിദ്യയുടെ അകമ്പടിയോടെ നടന്ന പരിപാടി സ്റ്റെഫി സ്രാമ്പിക്കലും സംഘവും അവതരിപ്പിച്ച വെൽക്കം ഡാൻസോടുകൂടി ആരംഭിച്ചു. കുട്ടികളും മുതിർന്നവരുമുൾപ്പടെ വേദിയിൽ അരങ്ങേറിയ പാട്ടും ശാസ്ത്രീയ നൃത്തവും ബോളിവുഡ് ഡാൻസും കോമഡിയും നാടകവും ഉൾപ്പെടുന്ന കലപരിപാടികളെല്ലാം ഉന്നത നിലവാരം പുലർത്തി.

മാഞ്ചസ്റ്റർ മേളം രാധേഷ് നായരുടെ നേതൃത്വത്തിൽ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ അകമ്പടിയോടെ കാണികൾക്ക് മേളപ്പെരുമയൊരുക്കിയപ്പോൾ, ഡോ. സിബി വേകത്താനത്തിന്റെ തിരക്കഥയിലും സംവിധാനത്തിലും ട്രാഫോർഡ് നാടക സമിതിയുടെ കലാകാരൻമാർ അവതരിപ്പിച്ച "സിഗററ്റ് കൂട്" നാടകം പ്രൊഫഷണൽ നിലവാരം പുലർത്തി.

മോഹൻലാലിന്റെ ശബ്ദം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച് കൈയടി നേടിയ അശോക് ഗോവിന്ദ് നിരവധി കലാകാരൻമാരുടെ ശബ്ദവും അനുകരിച്ചു. രഞ്ജു ജോർജിന്‍റെ കീബോർഡിലെ പ്രകടനവും എംഎംസിഎ വനിതകൾ അവതരിപ്പിച്ച തിരുവാതിര തുടങ്ങിയ പരിപാടികളും മികച്ച നിലവാരം പുലർത്തി. കലാപരിപാടികളുടെ ഇടവേളകളിൽ അവാർഡ് ദാന ചടങ്ങുകളും നടന്നു.

പ്രവേശനം തികച്ചും സൗജന്യമായ പരിപാടി മാമ്മൻ ഫിലിപ്പ് നേതൃത്വം നൽകുന്ന നാഷണൽ കമ്മിറ്റിയുടെ അവസാന പരിപാടി കൂടിയായിരുന്നു. അവസാനത്തെ പരിപാടി ഗംഭീരമാക്കുവാൻ നടത്തിയ കഠിന പരിശ്രമം വിജയത്തിലെത്തിയതിന്‍റെ സംതൃപ്തിയിലാണ് മാമ്മൻ ഫിലിപ്പും സംഘവും.

യുക്മ ഫാമിലി ഫെസ്റ്റിന്‍റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും കലാകാരികൾക്കും ദേശീയ, റീജണൽ, അസോസിയേഷൻ ഭാരവാഹികൾക്കും എല്ലാറ്റിനുമുപരിയായി ഫോറം ഹാളിലേക്ക് ഒഴുകിയെത്തിയ കാണികൾക്കും യുക്മ നാഷണൽ കമ്മിറ്റിക്കുവേണ്ടി യുക്മ ഫെസ്റ്റ് ജനറൽ കൺവീനർ അലക്സ് വർഗീസ്, യുക്മ നോർത്ത് വെസ്റ്റ് റീജൺ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്‍റ് ഷീജോ വർഗീസ്, സെക്രട്ടറി തങ്കച്ചൻ എബ്രഹാം എന്നിവർ നന്ദി പറഞ്ഞു.

റിപ്പോർട്ട്: അലക്സ് വർഗീസ്