റഫാല്‍: ഇടപാടിലെ അഴിമതിയേക്കാള്‍ പോര്‍വിമാനങ്ങളുടെ എണ്ണം കുറച്ചതും സാങ്കേതികവിദ്യ കൈമാറ്റം ഉപേക്ഷിച്ചതും
Saturday, January 19, 2019 4:49 PM IST
ന്യൂഡല്‍ഹി: റഫാല്‍ വിമാന ഇടപാടിലെ അഴിമതിയേക്കാള്‍ ഗുരുതരം പോര്‍വിമാനങ്ങളുടെ എണ്ണം ഗണ്യമായി കുറച്ചതും സാങ്കേതികവിദ്യ കൈമാറ്റം ഉപേക്ഷിച്ചതുമാണെന്നു പ്രതിരോധ മന്ത്രാലയത്തിലെ മുന്‍ വിദഗ്ധന്‍ രാഷ്ട്രദീപികയോടു പറഞ്ഞു. ഏറ്റവും ചുരുങ്ങിയത് 126 പോര്‍വിമാനങ്ങള്‍ വാങ്ങണമെന്ന് 2007ല്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നതായി ഉന്നതന്‍ ചൂണ്ടിക്കാട്ടി.

ഒരോ റഫാല്‍ വിമാനത്തിന്റെയും വിലയില്‍ ഇന്ത്യക്കു വേണ്ടിയുള്ള സാങ്കേതിക മാറ്റങ്ങള്‍ക്കായി മാത്രം യുപിഎ കാലത്ത് നിശ്ചയിച്ച 111.1 കോടി യൂറോയില്‍ നിന്ന് എന്‍ഡിഎ സര്‍ക്കാരിന്റെ കരാറില്‍ 361.1 കോടി യൂറോ ആയി കൂടിയത് വന്‍ അഴിമതിയാണെന്നു പേരു വെളിപ്പെടുത്താന്‍ വിസമ്മതിച്ച പ്രതിരോധ മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ രാഷ്ട്രദീപികയോടു വിശദീകരിച്ചു. സര്‍ക്കാരുകള്‍ തുടര്‍ച്ചയായിരിക്കെ മുന്‍ യുപിഎ സര്‍ക്കാരിന്റെ നടപടി ഉപേക്ഷിച്ച് വില കുത്തനെ കൂട്ടിക്കൊണ്ട് എന്‍ഡിഎ സര്‍ക്കാര്‍ കരാറില്‍ മാറ്റം വരുത്തിയതു ദുരൂഹവും വിശദീകരിക്കാന്‍ പ്രയാസവുമാകും.

റഫാല്‍ കരാര്‍ സംബന്ധിച്ച് മോദി സര്‍ക്കാരിനു വേണ്ടി ഫ്രാന്‍സിലെ ദസോ കമ്പനിയുമായി ചര്‍ച്ച നടത്താന്‍ നിയോഗിച്ച ഏഴംഗ സംഘത്തിലെ മൂന്നു പേര്‍ വില കൂട്ടിയതിനെ എതിര്‍ത്തതായി ഔദ്യോഗിക രേഖകള്‍ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ ഇന്നു റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വിലയിലെ വര്‍ധന വളരെ കൂടുതലാണെന്ന് ഇവര്‍ നീക്കുപോക്കു ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടും അതെല്ലാം മറികടന്നാണ് കരാറിന് അനുമതി നല്‍കിയത്.

പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും വ്യോമ അക്വിസിഷന്‍ മാനേജരുമായ രാജീവ് വര്‍മ, വ്യോമസേനയുടെ ചുമതലയുള്ള ഫിനാന്‍ഷ്യല്‍ മാനേജര്‍ അജിത് സൂലെ, ചെലവുകള്‍ക്കായുള്ള അഡൈ്വസര്‍ എം.പി. സിംഗ് എന്നിവരാണ് വില വളരെ കൂടുതലാണെന്ന് രേഖപ്പെടുത്തിയത്. എന്നാല്‍ സമിതിയിലെ 4-3 ഭൂരിപക്ഷ തീരുമാന പ്രകാരം കൂടിയ വില നല്‍കാന്‍ തീരുമാനിക്കുകയായിരന്നു. പ്രധാനമന്ത്രിയുടെ താത്പര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നാണ് ആരോപണം.

പന്ത്രണ്ടു വര്‍ഷം മുമ്പ് 126 പോര്‍വിമാനങ്ങള്‍ ആവശ്യമായിരിക്കെ എണ്ണം 36 ആക്കി കുറച്ച എന്‍ഡിഎ സര്‍ക്കാരിന്റെ നടപടി രാജ്യസുരക്ഷ അപകടത്തിലാക്കിയെന്നാണു ആരോപണം. മൊത്തം 126 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അതു റദ്ദാക്കുകയും പോലും ചെയ്യാതെ പ്രധാനമന്ത്രി ഫ്രാന്‍സില്‍ പോയി പ്രഖ്യാപനം നടത്തിയത്.
ചൈന, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണി നിലനില്‍ക്കേ വ്യോമസേനയുടെ കരുത്ത് ഗണ്യമായി ക്ഷീണിപ്പിക്കുന്ന നടപടിയാണ്

വിശ്വസിക്കാനാകാത്തതെന്ന് പ്രതിരോധ വിദഗ്ധര്‍ കുറ്റപ്പെടുകത്തി. ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായ എച്ചഎഎല്ലുമായി ചേര്‍ന്ന് ദസോ കൈമാറുന്ന സാങ്കേതിക വിദ്യയുടെ സഹായത്തില്‍ 108 വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള അവസരം വേണ്ടെന്നു വച്ചതും വില കൂട്ടി നല്‍കിയതും അംഗീകരിക്കാവുന്നതല്ലെന്ന് മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

വ്യോമസേന 2007ല്‍ ആവശ്യപ്പെട്ട 126 റഫാല്‍ വിമാനങ്ങള്‍ക്കു പകരം 36 എണ്ണം മാത്രം വാങ്ങാനുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനമാണ് വിമാന വില 41 ശതമാനം കൂട്ടിയതെന്ന വെളിപ്പെടുത്തല്‍ വന്‍വിവാദമായിരുന്നു. എന്നാല്‍ യുപിഎ കാലത്തേതിനേക്കാള്‍ ഓരോ വിമാനങ്ങളുടെയും വിലയില്‍ 14.2 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്നാണു ഇപ്പോഴത്തെ വിശദീകരണം.

ജോര്‍ജ് കള്ളിവയലില്‍