സെന്‍റ് മോണിക്ക മിഷൻ പ്രവർത്തനം ആരംഭിച്ചു
Monday, January 14, 2019 10:35 PM IST
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പുതിയ മുഖമായ മിഷൻ സെന്‍ററുകളിൽ, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്‍റെ സാന്നിധ്യത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം നടത്തിയ സെന്‍റ് മോനിക്ക മിഷൻ പ്രവർത്തനം ആരംഭിച്ചു. റെയിനമ്മിലെ ലാ സലറ്റ് മാതാവിന്‍റെ നാമധേയത്തിലുള്ള ദേവാലയത്തിലാണ് ജനുവരി 13 ഞായറാഴ്ചയാണ് സെൻറ് മോണിക്ക മിഷൻ വി. കുർബാനയോടുകൂടി പ്രവർത്തനം തുടങ്ങിയത്.

റവ. ഫാ. ഷിജോ ആലപ്പാട്ടിന്‍റെ നേതൃത്വത്തിലുള്ള ദിവ്യബലിക്ക് ശേഷം മിഷൻ ചാപ്ലിൻ ഫാ. ജോസ് അന്ത്യാംകുളവും ട്രസ്റ്റിമാരും വിവിധ സംഘടന പ്രതിനിധികളും ദീപം കൊളുത്തി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. നിത്യസഹായമാതാവിന്‍റെ നൊവേനയെ തുടർന്നുള്ള മെഴുകുതിരി പ്രദക്ഷണവും ആശീർവാദവും ദിവസത്തിനു കൂടുതൽ ധന്യത പകർന്നു.

തുടർന്ന് ഒരു വർഷത്തേക്കുള്ള പദ്ധതികൾ ഇടവക സമൂഹത്തോടൊപ്പം ഫാ. ജോസ് അന്ത്യാംകുളം മുന്നോട്ടുവച്ചു. മതബോധനത്തോടൊപ്പം നിർധനരായവർക്കു കൈ താങ്ങാവുവാൻ കുട്ടികൾ തന്നെ സ്വരുക്കൂട്ടുന്ന വണ്‍ പൗണ്ട് മിഷനും ഹോളി കമ്മ്യൂണിയൻ ക്ലാസും, ഫാ. സോജി ഓലിക്കലിന്‍റെ നേതൃത്വത്തിലുള്ള വാർഷിക ധ്യാനവുമുൾപ്പെടെയുള്ള വിശാലമായ കർമ്മ പദ്ധതികൾക്കാണ് രൂപം നൽകിയത്.

എല്ലാ ഞായറാഴ്ചയും വൈകിട്ട് അഞ്ചിന് ലാ സലറ്റെ ദേവാലയത്തിൽ വി. കുർബാന ഉണ്ടായിരിക്കുന്നതാണ്. A13നു സമീപമായി സ്ഥിതിചെയുന്ന ദേവാലയത്തിന് വിശാലമായ പാർക്കിംഗാണുള്ളത്. ലണ്ടൻ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് എളുപ്പം എത്തിച്ചേരാവുന്ന ഒരു ദേവാലയമാണിത്. ലണ്ടൻ റെയിൽ നെറ്റ്വർക്കിന്‍റെ ഭാഗമായുള്ള റെയിനം സ്റ്റേഷൻ ദേവാലയത്തിന്‍റെ സമീപത്താണ് . ഡിസ്ട്രിക്ട് ലൈനും ലണ്ടണ്‍ ബസ് സർവീസുകളും ദേവാലയത്തിൽ എത്തുവാനായി ഉപയോഗിക്കാവുന്നതാണ്.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്