തിരിച്ചടികൾക്കിടയിലും ഫോക്സ് വാഗന് റിക്കാർഡ് വില്പന
Saturday, January 12, 2019 9:31 PM IST
ബർലിൻ: മലിനീകരണ തട്ടിപ്പ് വിവാദവും യുഎസിന്‍റെ ഇറക്കുമതി നിയന്ത്രണവും യൂറോപ്യൻ യൂണിയന്‍റെ കടുത്ത നിലവാര നിർദേശങ്ങളും തിരിച്ചടികളായി തുടരുന്പോഴും ജർമൻ കാർ നിർമാതാക്കളായ ഫോക്സ് വാഗൻ, വാഹന വിൽപ്പനയിൽ പുതിയ ഉയരം കണ്ടെത്തി.

10.83 മില്യൺ വാഹനങ്ങളാണ് കന്പനിയുടെ 12 ബ്രാൻഡുകൾ കഴിഞ്ഞ വർഷം വിറ്റഴിച്ചത്. കന്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപ്പന നേട്ടമാണിത്. 2017ലേതിനെ അപേക്ഷിച്ച് 0.9 ശതമാനമാണ് വർധന.

വർഷത്തിന്‍റെ രണ്ടാം പകുതിയിൽ കാര്യങ്ങൾ കന്പനിക്ക് പൂർണമായി എതിരായിരുന്നിട്ടും മികച്ച വിജയം കിട്ടിയതിൽ അതിയായ സന്തോഷമെന്ന് ഫോക്സ് വാഗൻ ഗ്രൂപ്പിന്‍റെ സെയിൽസ് വിഭാഗം മേധാവി ക്രിസ്റ്റ്യൻ ഡാൽഹീം.

യൂറോപ്പ്, യുഎസ്, ചൈന, ലാറ്റിനമേരിക്ക എന്നീ പ്രധാന വിപണികളിൽ എസ് യു വി മോഡലുകൾക്ക് ഡിമാൻഡ് വർധിച്ചതാണ് ഫോക്സ് വാഗന് സഹായകമായത്. ഫോക്സ് വാഗൻ, സ്കോട, സീറ്റ്, പോർഷെ, ലംബോർഗിനി എന്നീ ബ്രാൻഡുകളിലെല്ലാം കന്പനിക്ക് റെക്കോഡ് വിൽപ്പന നേടാനായി.

ഹൈ എൻഡ് ഉത്പന്നമായ ഓഡിയുടെ കാര്യത്തിൽ കന്പനിക്ക് കാര്യമായ നിരാശയാണുള്ളത്. ഓഡി വാഹനങ്ങളുടെ വിൽപ്പനയിൽ മൂന്നര ശതമാനം ഇടിവ് രേഖപ്പെടുത്തി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ