പൗരോഹിത്യത്തിന്‍റെ രണ്ടു പതിറ്റാണ്ടു നിറവിൽ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ
Saturday, January 12, 2019 8:56 PM IST
കൊളോണ്‍: കൊളോണിലെ ഇൻഡ്യൻ സമൂഹത്തിന്‍റെ ഇടയനും സിഎംഐ സഭാംഗവുമായ ഫാ. ഇഗ്നേഷ്യസ് ചാലിശേരി പൗരോഹിത്യ ജീവിതത്തിന്‍റെ ഇരുപതാം വാർഷികം ആഘോഷിച്ചു. കൊളോണ്‍ ബുഹ്ഹൈമിലെ സെന്‍റ് തെരേസയാ ദേവാലയത്തിൽ ഡിസംബർ 28 ന് വൈകുന്നേരം ആറരയ്ക്ക് നടന്ന ആഘോഷമായ ദിവ്യബലിയിൽ ഫാ.ഇഗ്നേഷ്യസ് ചാലിശേരി മുഖ്യകാർമ്മികത്വം വഹിച്ചു. സിഎംഐ സഭയുടെ ജർമനിയിലെ ഡെലിഗേറ്റ് സുപ്പീരിയർ ഫാ.ജോർജുകുട്ടി കുറ്റിയാനിയ്ക്കൽ, ഫാ.ജോമോൻ മുളരിയ്ക്കൽ സിഎംഐ, സലേഷ്യൻ സഭാംഗം ഫാ.ജോസ് വെള്ളൂർ എന്നിവർ സഹകാർമ്മികരായി. ഫാ. മുളരിയ്ക്കൽ വചനസന്ദേശം നൽകി. ജെൻസ്, ജോയൽ കുന്പിളുവേലിൽ, ജിം ജോർജ്, ഡേവീസ് ചിറ്റിലപ്പിള്ളി, നോയൽ ജോസഫ് എന്നിവർ ശുശ്രൂഷികളായി. യൂത്ത് കൊയറിന്‍റെ ഗാനാലാപനം ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി.

തുടർന്നു നടന്ന അനുമോദന സമ്മേളനത്തിൽ കമ്യൂണിറ്റി കോഓർഡിനേഷൻ കമ്മറ്റി കണ്‍വീനർ ഡേവീസ് വടക്കുചേരി, ഇഗ്നേഷ്യസ് അച്ചന്‍റെ ഇതുവരെയുള്ള പൗരോഹിത്യ ജീവിതത്തെയും സേവനങ്ങളെയുംകുറിച്ചു ആമുഖ പ്രസംഗം നടത്തി. ഫാ.ജോർജുകുട്ടി കുറ്റിയാനിയ്ക്കൽ ആശംസകൾ നേർന്നു സംസാരിച്ചു. കമ്യൂണിറ്റിയുടെ ആദരസൂചകമായി കോർഡിനേഷൻ കമ്മറ്റിയംഗവും ഖജാൻജിയുമായ ഷീബ കല്ലറയ്ക്കൽ ഇഗ്നേഷ്യസ് അച്ചന് ബൊക്ക നൽകി. കൂടാതെ കൊച്ചുകുട്ടികൾ ഓരോരുത്തരായി അച്ചന് റോസാപൂക്കൾ നൽകി തങ്ങളുടെ സ്നേഹം അറിയിച്ചു.

കോഓർഡിനേഷൻ കമ്മറ്റി കണ്‍വീനർ ഡേവീസ് വടക്കുംചേരി, സെക്രട്ടറി ഡേവിഡ് അരീക്കൽ എന്നിവർ കമ്യൂണിറ്റിയുടെ ഉപഹാരങ്ങൾ ഇഗ്നേഷ്യസച്ചന് നൽകി. കമ്യൂണിറ്റിയിലെ മുതിർന്നവരുടെ ഗായകസംഘം ലീഡർ ജോസ് കവലേച്ചിറ ഗാനം ആലപിച്ചു. ഇഗ്നേഷ്യസ് അച്ചന്‍റെ മറുപടി പ്രസംഗത്തിൽ ഉപഹാരങ്ങൾക്കും സ്നേഹവായ്പിനും നന്ദി അറിയിച്ചു.

പൗരോഹിത്യത്തിന്‍റെ ഒരു പതിറ്റാണ്ട് നിറവിലെത്തിയ ഫാ.ജോമോൻ മുളരിയ്ക്കൽ സിഎംഐയ്ക്ക് കമ്യൂണിറ്റിയുടെ ആദരവായി കോർഡിനേഷൻ കമ്മറ്റിയംഗം ആന്‍റണി സഖറിയാ ബൊക്ക നൽകി. ജർമനിയിലെ വലണ്ടാറിൽ ഉപരിപഠനം നടത്തുകയാണ് ഫാ.ജോമോൻ.
പരിപാടികൾക്ക് കോഓർഡിനേഷൻ കമ്മറ്റിയംഗങ്ങളായ ഡേീസ് വടക്കുംചേരി, ഡേവിഡ് അരീക്കൽ, ഷീബ കല്ലറയ്ക്കൽ, ആന്‍റണി സഖറിയാ, സന്തോഷ് വെന്പാനിക്കൽ, ടോമി തടത്തിൽ, യോഹന്നാൻ വാരണത്ത്, സൂസി കോലത്ത് എന്നിവർ നേതൃത്വം നൽകി. പരിപാടികൾക്കു ശേഷം കാപ്പി സൽക്കാരവും ഉണ്ടായിരുന്നു.

തൃശൂർ രൂപതയിലെ അരിന്പൂർ ഇടവകയിലെ ചാലിശേരി ആന്‍റണി, എൽസി ദന്പതികളുടെ ഒന്പതു മക്കളിൽ നാലാമനാണ് ഫാ.ഇഗ്നേഷ്യസ്. വരന്തരപ്പിള്ളി സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ച അച്ചൻ ഫിലോസഫി, തീയോളജി പഠനങ്ങൾ ബംഗ്ളുരുവിലെ പ്രീസ്റ്റർ സെമിനാരിയിൽ പൂർത്തിയാക്കിയ ശേഷം 1998 ഡിസംബർ 28 ന് അന്പഴക്കാട് സിഎംഐ കൊവേന്തയിൽ നടന്ന ചടങ്ങിൽ ചാന്ദാ രൂപതാദ്ധ്യക്ഷൻ വിജയാനന്ദ് നെടുംപുറം മെത്രാനിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് തൃശൂർ അമലാ ഹോസ്പിറ്റലിൽ ചാപ്ളെയിനായും, ഡെവലപ്മെന്‍റ് ഓഫീസറായും, തൃശൂർ ദേവമാതാ പ്രൊവിൻഷ്യാളിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായും സേവനം ചെയ്തു.

2000 നവംബർ 21 നാണ് അച്ചന്‍റെ ജർമൻ ജീവിതം ആരംഭിയ്ക്കുന്നത്. കൊളോണ്‍ ഹോൾവൈഡെയിലെ സെന്‍റ് മരിയ ഹിമ്മൽഫാർട്ട്, സെന്‍റ് അന്നോ എന്നീ ദേവാലയങ്ങളിൽ ചാപ്ളെയിനായും, ഇൻഡ്യൻ കമ്യൂണിറ്റിയിലുമായി തുടങ്ങിയ സേവനം ഇപ്പോൾ 18 വർഷമായി തുടരുന്നു. ഫാ. ഫ്രാൻസിസ് പാറയ്ക്കലിന്‍റെ പിൻഗാമിയായിട്ടാണ് ഇഗ്നേഷ്യസച്ചൻ ഇൻഡ്യൻ കമ്യൂണിറ്റിയുടെ ചുമതലയേൽക്കുന്നത്. മുതിർന്നവർക്കൊപ്പം കൊച്ചുകുട്ടികളെയും യുവജനങ്ങളെയും കമ്യൂണിറ്റിയോടു ചേർത്തു നിർത്തി മുന്നോട്ടു കൊണ്ടുപോകാൻ അച്ചൻ നടത്തിയ ശ്രമം വലിയ വിജയമാണ് നേടിയത്. കമ്യൂണിറ്റിയുമായി ബന്ധപ്പെടുത്തി യുവജനങ്ങൾക്കായി നടത്തിയ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെന്‍റ് യുവജനങ്ങളെ കൂട്ടായ്മയിലേയ്ക്കു കൂടുതൽ അടുപ്പിയ്ക്കുവാൻ അവസരം നൽകി. കഴിഞ്ഞ 18 വർഷമായി കമ്യൂണിറ്റിയിൽ നടന്ന വിവാഹങ്ങൾക്കും അതിനുള്ള ഒരുക്കങ്ങൾക്കും ഏറെ സഹായവും അച്ചന്‍റെ സാന്നിദ്ധ്യയും യുവജനങ്ങളോടുള്ള അച്ചന്‍റെ സൗഹൃദത്തിന്‍റെ സാക്ഷ്യം കൂടിയാണ്.

മലയാളികളുടെ ആദ്യതലമുറയ്ക്കൊപ്പം രണ്ടാംതലമുറയെയും ഒരുമിച്ചു കൊണ്ടുപോകാനും അച്ചന് സാധിച്ചത് വലിയൊരു അനുഗ്രഹം തന്നെയാണ്. കൊളോണ്‍ അതിരൂപത കൂടാതെ ആഹൻ, എസ്സൻ രൂപതകളിലെ ഇൻഡ്യാക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇൻഡ്യൻ കമ്യൂണിറ്റിയിൽ 750 ലേറെ കുടുംബങ്ങൾ അംഗങ്ങളായുണ്ട്. അച്ചന്‍റെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി അൽമായ നേതൃത്വം കോർത്തിണക്കി കോഓർഡിനേഷൻ കമ്മറ്റി രൂപീകരിച്ചത് 2004 മുതലാണ്. ഓരോ രണ്ടുവർഷം കൂടുന്തോറും കോഓർഡിനേഷൻ കമ്മറ്റിയംഗങ്ങളെ പുതുതായി തെരഞ്ഞെടുക്കുന്നതു വഴി കമ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾ സുഗമമായി നടത്തുവാൻ കഴിയുന്നു. എട്ടാമത്തെ കോർഓർഡിനേഷൻ കമ്മറ്റിയാണ് നിലവിലുള്ളത്. ഒന്നാം തലമുറയ്ക്കുവേണ്ടി ഗായകസംഘം, ഫ്രീടൈം ഗ്രൂപ്പ് എന്നിവയും അച്ചന്‍റെ ദീർഘവീക്ഷണത്തിന്‍റെ ഭാഗമാണ്. 2014 മുതൽ കമ്യൂണിറ്റിയിൽ സെന്‍റ് ജോസഫിന്‍റെ തിരുനാളാഘോഷം, ഒൻപതു കുടുംബ സമ്മേളനങ്ങൾക്കും, പ്രാർത്ഥനാഗ്രൂപ്പുകൾക്കും വിശുദ്ധരുടെ പേരുകൾ നൽകിയതും അച്ചന്‍റെ വിശ്വാസതീക്ഷ്ണതയുടെ ഉദാഹരണങ്ങളാണ്. യംഗ് ഫാമിലി മീറ്റ് എന്ന പേരിൽ യുവജനങ്ങളെ സംഘടിപ്പിച്ച് സജീവമാക്കിയത് ഇൻഡ്യൻ കൂട്ടായ്മയ്ക്ക് ഉണർവു നൽകുന്ന മറ്റൊരു ഘടകമാണ്. മൂന്നുവയസു മുതലുള്ള മുപ്പതോളം കുട്ടികൾക്കായി വേദോപദേശ ക്ളാസുകൾ ആരംഭിച്ചതും കുട്ടികളെ സഭയോടു ചേർത്തു നിർത്തുന്നതിനുള്ള അച്ചന്‍റെ കരുതലാണ്. നിരവധി കുട്ടികൾ അൾത്താര ബാലസംഘത്തിലും, യൂത്ത് ഗായക സംഘത്തിലും അണിചേർക്കുന്നതും അച്ചന്‍റെ ശ്രമഫലമാണ്.

ഇരുപതു വർഷത്തെ പൗരോഹിത്യ ജീവിതത്തിൽ പതിനെട്ടു വർഷവും കൊളോണിലെ ഇൻഡ്യൻ കൂട്ടായ്മയ്ക്കുവേണ്ടിയാണ് അച്ചൻ ഉഴിഞ്ഞുവെച്ചത് എന്നുള്ള കാര്യം പ്രത്യേകം സ്മരിയ്ക്കുന്പോൾ, രണ്ടു പതിറ്റാണ്ടു പിന്നിട്ട പൗരോഹിത്യം ഇഗ്നേഷ്യസച്ചന്‍റെ ജീവിതത്തിൽ തികഞ്ഞ ചാരിതാർത്ഥ്യവും ഒപ്പം സന്തോഷവും നൽകുന്നതായി കമ്യൂണിയംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ